
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. പരാതിക്കാർ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേ എന്നാണ് പരാമർശം. കോടതി പറയുന്നത് വരെ രാഹുൽ കുറ്റക്കാരൻ അല്ലെന്നും എംപി ന്യായീകരിച്ചു.
രാഹുലിൻ്റെ രാജി പാർട്ടി തീരുമാന പ്രകാരമാണ്. രാജി അച്ചടക്ക നടപടിയുടെ ഭാഗമായാണെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. പരാതി നൽകിയാൽ കോടതി പ്രഖ്യാപിക്കുന്നതുവരെ കുറ്റക്കാരനല്ലെന്നും പുറത്തുവന്നത് രാഹുലിൻ്റെ ഓഡിയോ ആണെന്നതിന് തെളിവുണ്ടോയെന്നും വി.കെ. ശ്രീകണ്ഠൻ എംപി ചോദിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കിലെന്നാണ് സൂചന. സംഘടനാ നടപടി മാത്രം മതിയെന്നാണ് കോൺഗ്രസ് തീരുമാനം. രാജി പാർട്ടിയെയും മുന്നണിയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാഹുലിന് എംഎൽഎ ആയി തുടരാൻ ഘടക കക്ഷികളുടെ പിന്തുണയുമുണ്ട്.
എന്നാല്‍, രാഹുൽ രാജിവച്ചതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ പിടിവലി തുടങ്ങിയിരിക്കുകയാണ്. അബിൻ വർക്കിക്കായി അവകാശവാദങ്ങളുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ബിനു ചുള്ളിയിലിനായി കെ.സി പക്ഷവും, കെ.എം. അഭിജിത്തിനായി എം.കെ. രാഘവനും വാദിക്കുന്നതായാണ് റിപ്പോർട്ടുകള്‍. പകരക്കാരൻ ആരാണെന്ന് കോൺഗ്രസ് നേതൃത്വമാകും തീരുമാനിക്കുക.