കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് പി.വി. അൻവർ. കേരളമാകെ പിണറായി വിരുദ്ധ വികാരമാണ് പ്രകടമായതെന്ന് അൻവർ പറഞ്ഞു. രണ്ടാമത് എൽഡിഎഫ് സർക്കാർ വന്നതോടെ പിണറായി തിരിഞ്ഞുപോയി.
ഇടതുപക്ഷത്ത് നിന്ന് തീവ്ര വലതുപക്ഷത്തേക്കായിരുന്നു ആ തിരിച്ചിലെന്നും പി.വി. അൻവർ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. കേന്ദ്രവുമായി അണ്ടർ ഗ്രൗണ്ട് ബന്ധമാണ് പിണറായി ഉണ്ടാക്കിയത്. അങ്ങനെയൊരു ഡീൽ ഉണ്ടാക്കിയത് കുടുംബത്തിന് വേണ്ടിയാണെന്നും അൻവർ ആരോപിച്ചു.
യുഡിഎഫിന് 110 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും പി.വി. അൻവർ പറഞ്ഞു. വരുംകാലങ്ങളിൽ പിണറായി ഒറ്റുക്കാരാനായിട്ടാവും അറിയപ്പെടുക. കമ്മ്യൂണിസത്തെ സംഘിയുടെ കാലിൽ കെട്ടിയ ആളായി ഭാവിയിൽ പിണറായി അറിയപ്പെടും.
കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിച്ചത് റിയാസ് ആയിരുന്നു. ഞാൻ ഇറങ്ങിയതോടെ റിയാസിന് ബേപ്പൂരിന് പുറത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. കപ്പിത്താൻ മുങ്ങിയ ആ അവസ്ഥ തിരിച്ചടിയാകും. മരുമോനിസത്തിൻ്റെ ഭാഗമായി മൂന്ന് ജയരാജന്മാരെ പിണറായി വെട്ടി നിരത്തിയെന്നും പി.വി. അൻവർ പറഞ്ഞു.
പി.വി. അൻവറിനെതിരെ തിരിച്ചടിച്ച് മുഹമ്മദ് റിയാസ്. രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല. ആക്ഷേപങ്ങളിൽ വേദന തോന്നുമെങ്കിലും വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയബോധമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.