കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചെവിയിൽ മന്ത്രിക്കാൻ എന്ത് ബന്ധമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് പോലും മുഖ്യമന്ത്രിയുടെ ചെവിയിൽ സംസാരിക്കാൻ സാധിക്കുന്നില്ല. ഗോവർധൻ്റെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തതല്ല യഥാർഥ തൊണ്ടിമുതൽ. നഷ്ടപ്പെട്ട മുഴുവൻ സ്വർണവും കണ്ടെത്തണം. പുരാവസ്തു കള്ളക്കടത്ത് മാഫിയ ശബരിമല കൊള്ളയ്ക്ക് പിന്നിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എല്ലാ ശ്രമവും നടത്തുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് അന്വേഷണം മുന്നോട്ടുപോകുന്നില്ല. വിഷയത്തിൽ സിബിഐ അന്വേഷണം വേണം. എസ്ഐടിയിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിൽ കഴിഞ്ഞ ദിവസം ഡി. മണിയുടെ രണ്ട് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ഇന്നും ഡി. മണിയുടെ ചോദ്യം ചെയ്യൽ തുടരും. രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി പ്രകാരമാണ് ഡി. മണിയെ ചോദ്യം ചെയ്തത്. ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ വിഗ്രഹങ്ങൾ വാങ്ങിയത് മണിയെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.