കൊച്ചി: നെടുംപറമ്പിൽ ഫിനാൻസ് ഉടമ എന്‍.എം. രാജുവിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ആൻ്റോ ആൻ്റണി എംപി. എന്‍.എം. രാജു തനിക്ക് പണം തന്ന് സഹായിച്ചു എന്നത് വാസ്തവമാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ അത് തിരികെ കൊടുക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിൽ പൊതു നടപ്പുള്ള കാര്യമാണ് താൻ ചെയ്തതെന്നും എംപി വ്യക്തമാക്കി.
എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ആളുകൾ എന്നെ സഹായിക്കാറുണ്ട്. എൻ്റെ കയ്യിൽ സ്വന്തമായി പണമെടുക്കാൻ ഇല്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഓരോ കോൺഗ്രസ് സ്ഥാനാർഥിക്കും വലിയ കടമാണ് ഉണ്ടാകാറ്. പലരും എന്നോട് വന്ന് അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ മാത്രമല്ല, സിപിഐഎമ്മിനും രാജു പണം കൊടുത്തിട്ടുണ്ട്. എനിക്ക് തന്നെ പണം താൻ തിരിച്ചു കൊടുത്തിട്ടുണ്ട്. ഇടതുമുന്നണിയുടെ സ്വാധീനം കൊണ്ടാണ് രാജു ഇപ്പോൾ കള്ളപ്രചരണം നടത്തുന്നതെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.
എൻ.എം. രാജു നൽകിയ തുക എത്രയെന്ന് പറയുന്നില്ല. തനിക്ക് നൽകിയത് എത്രയാണോ അത് തിരികെ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കഴിയുന്നത് തുക മാത്രമാണ് ചെലവഴിച്ചത്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും എംപി അറിയിച്ചു. രാജുവും നിയമപരമായി മുന്നോട്ട് പോകട്ടെ. പുകമറ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആൻ്റോ ആൻ്റണി വിമർശിച്ചു.
2019 തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൻ്റെ സമയത്ത് ആൻ്റോ ആൻ്റണി പല തവണ വന്നിരുന്നു. പ്രചാരണത്തിൻ്റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നൽകുകയും ചെയ്തു. രണ്ട് മാസത്തിനകം തിരികെ നൽകുമെന്നാണ് പറഞ്ഞാണ് പണം വാങ്ങി പോയത്. എന്നിട്ട് ഏഴ് വർഷമായിട്ടും തിരികെ ലഭിച്ചില്ല. 20 ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്. ഈടൊന്നും നൽകാതെയാണ് പണം നൽകിയതെന്നും രാജു ജോർജ് പറഞ്ഞു.
മകൾ ഉൾപ്പടെ നിരവധി തവണ പണം നൽകുന്ന കാര്യത്തിനായി ആൻ്റോയെ സമീപിച്ചിരുന്നു. എന്നിട്ടും ആൻ്റോ കാണിച്ചത് മനസാക്ഷിയില്ലാത്ത പ്രവൃത്തിയാണ്. എൻ്റെ പ്രതിസന്ധി ഘട്ടത്തിൽ പോലും സഹായിച്ചില്ലെന്നും രാജു ജോർജ് ആരോപണമുന്നയിച്ചിരുന്നു.