KERALA

തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ, ശിക്ഷ പിന്നീട്

നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതി. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്.

കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. ഒന്നാം പ്രതി ക്ലര്‍ക്ക് കെ.എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഐ.പി സി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, 120 B - ഗുഢാലോചന, 420- വഞ്ചന, 201- തെളിവുനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.

മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആൻ്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതി നിർദേശം നൽകിയത്. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയെങ്കിലും പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പറഞ്ഞില്ല.

SCROLL FOR NEXT