ആൻ്റണി രാജു Source: Screengrab
KERALA

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

ഹർജി തള്ളിയതോടെ ആൻ്റണി രാജുവിൻ്റെ അയോഗ്യത നിലനിൽക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് തിരിച്ചടി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്. ഇതോടെ 6 വർഷത്തേക്ക് ആൻ്റണി രാജുവിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ല.

ഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്.

കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. ഒന്നാം പ്രതി ക്ലര്‍ക്ക് കെ.എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആൻ്റണി രാജു അയോഗ്യനായി. ഹർജി തള്ളിയതോടെ ആൻ്റണി രാജുവിൻ്റെ അയോഗ്യത നിലനിൽക്കും.

മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആൻ്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

ഐ.പി സി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, 120 B - ഗുഢാലോചന, 420- വഞ്ചന, 201- തെളിവുനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയത്.

SCROLL FOR NEXT