കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരിച്ച് നടൻ ജയറാം. കേസിൽ കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ എന്നായിരുന്നു ജയറാമിൻ്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. എന്നാൽ തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്ന് ജയറാം വ്യക്തമാക്കി. കൊച്ചി ഇഡി ഓഫീസിൽ വച്ച് നടന്ന ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറാണ് നീണ്ടുനിന്നത്.
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. സൗഹാർദപരമായാണ് ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്നും, കഠിനമായ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ലെന്നും ജയറാം പറഞ്ഞു. രേഖകളൊന്നും ഹാജരാക്കാൻ പറഞ്ഞിട്ടില്ല. അഴിമതി വെളിച്ചത്ത് വരണമെന്നും ജയറാം ചൂണ്ടിക്കാട്ടി.
സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ച് നടന്ന പൂജയുടെ ചിത്രമായിരുന്നു പുറത്തുവന്നത്. സ്വർണക്കൊള്ള കേസിൽ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. നടന് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും കണ്ടെത്തിയതോടെ എസ്ഐടി ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് അയച്ചത്.