വയനാട്: പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന അനുരാഗ് ഠാക്കൂറിന്റെ ആരോപണം പൊളിയുന്നു. അനുരാഗ് ഠാക്കൂർ പറഞ്ഞ കൽപ്പറ്റയിലെ മറിയവും വള്ളിയമ്മയും താമസിക്കുന്നത് രണ്ട് വീടുകളിൽ. വരദൂർ ചൗണ്ടേരി എന്ന സ്ഥലത്ത് രണ്ടു വീടുകളിലായാണ് ഇരുവരും താമസിക്കുന്നത്. ചാമുണ്ഡേശ്വരി കുന്ന് എന്ന സ്ഥലം പിന്നീട് ചൗണ്ടേരി എന്ന് അറിയപെടുകയായിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നായിരുന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം. വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നായിരുന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട 4,000 ത്തോളം വോട്ടർമാർ ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും അനുരാഗ് പറഞ്ഞിരുന്നു.
വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസങ്ങളുള്ള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 51,365 വോട്ടർമാരെയാണ് കൂട്ടിച്ചേർക്കലിലൂടെ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിൽ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു.