ഇടുക്കി: 45 വർഷം തൊടുപുഴയുടെ തേരാളിയായിരുന്ന പി.ജെ. ജോസഫ് തൊടുപുഴയിലെ പോർമുഖത്ത് നിന്ന് പിന്മാറി. മകൻ അപു ജോൺ ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കേരള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മത്സരരംഗത്ത് നിന്ന് മാറുന്നതിൽ വിഷമമില്ലെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരരംഗത്ത് നിന്ന് മാറുന്നത്. പാർട്ടിയെ നയിക്കാൻ ഉണ്ടാകും. ഇടുക്കിയും, ഏറ്റുമാനൂരും വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. സീറ്റുകൾ വിട്ടുകൊടുത്തതിൽ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എട്ട് സീറ്റുകളിലാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. മോൻസ് ജോസഫ് കടുത്തുരുത്തിയിൽ ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ മത്സരിക്കും. തിരുവല്ലയിൽ അഡ്വ. വർഗീസ് മാമനും കുട്ടനാട്ടിൽ റെജി ചെറിയാനും ചങ്ങനാശേരിയിൽ വിനു ജോബും കോതമംഗലത്ത് ഷിബു തെക്കുംപുറവും കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയും ജനവിധി തേടും.