പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവേ നടത്തി മൗണ്ട് സിയോൺ ഗ്രൂപ്പ്. ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചാണ് ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ നേരത്തേ പദ്ധതിക്കായി നിശ്ചയിച്ച സ്ഥലത്ത് പരിശോധന നടത്തിയത്.
യുഡിഎഫ് സർക്കാരിന് പദ്ധതിയോട് 101 ശതമാനം യോജിപ്പുണ്ടെന്നും ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ നയം തന്നെയാണ് പദ്ധതി സംബന്ധിച്ച് സതീശൻ സർക്കാരിനും എന്നും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ പറഞ്ഞു. വിമാനത്താവളത്തിനായി നേരത്തേ കണ്ടുവച്ച സ്ഥലത്ത് ഡൽഹിയിലെ സ്വകാര്യ ഏജൻസിയെ കൊണ്ട് ഡ്രോൺ സർവേ നടത്തിച്ച വിവരം ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിൽ ന്യൂസ് മലയാളത്തോട് സ്ഥിരീകരിച്ചു.
രണ്ടാംഘട്ട സർവേക്കായി കമ്പനി വീണ്ടും എത്തുമെന്നും സർക്കാർ അനുമതിയോടെ തന്നെ സർവേ നടത്തുമെന്നും എബ്രഹാം കലമണ്ണിൽ ചൂണ്ടിക്കാട്ടി. ആയിരം ഏക്കർ ഭൂമി പദ്ധതിക്കായി കണ്ടെത്തണം. ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയും പദ്ധതി യാഥാർഥ്യമാക്കുമെന്നും എബ്രഹാം കലമണ്ണിൽ അവകാശപ്പെട്ടു. അബിൻ വർക്കി എംഎൽഎ, ആൻ്റോ ആൻ്റണി എംപി എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ താനുമായി എബ്രഹാം കലമണ്ണിൽ ചർച്ചയൊന്നും നടത്തിയിട്ടില്ലെന്ന് അബിൻ വർക്കി എംഎൽഎയും വെളിപ്പെടുത്തി.
2004-ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. 2011-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. ഇക്കാലത്ത് തന്നെ പദ്ധതിക്കായി തത്വത്തിൽ അനുമതി നേടിയിരുന്നു. പിന്നീട് ആറന്മുളയിൽ ഉണ്ടായത് വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായി. 2014 മെയ് മാസത്തിൽ ഹരിത ട്രിബ്യൂണൽ പാരിസ്ഥിതിക അനുമതി റദ്ദാക്കി. തുടർന്ന് സുപ്രീം കോടതി ഹരിത ട്രിബ്യൂണലിൻ്റെ നിലപാട് ശരിവച്ചതോടെയാണ് പദ്ധതി മുടങ്ങിയത്. നിലവിൽ മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസുകളും ഹൈക്കോടതിയിൽ നടക്കുകയാണ്.