ആലപ്പുഴ: കായംകുളത്ത് സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും സീറ്റ് നല്‍കാത്തതിനാല്‍ പാര്‍ട്ടി വിടുമെന്നത് വ്യാജ പ്രചാരണമാണെന്നും അരിത ബാബു. എം. ലിജുവാണ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അദ്ദേഹത്തെ വിജയിപ്പിക്കുക എന്നതാണ് കടമയെന്നും അരിത ബാബു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
2021-ലെ തിരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കായംകുളത്തിന്റെ ഓരോ സ്പന്ദനത്തിലും ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. ആളുകള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും പകര്‍ന്ന ഊര്‍ജ്ജം വളരെ വലുതാണെന്നും അരിത ബാബു പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കായംകുളത്ത് തന്നെയും ഒരു സ്ഥാനാര്‍ഥിയായി പരിഗണിച്ചതിലും, തനിക്കുവേണ്ടി സ്‌നേഹത്തോടെ ശബ്ദമുയര്‍ത്തിയതിലും എല്ലാവരോടും അതിയായ നന്ദിയുണ്ടെന്നും നമ്മെ സംബന്ധിച്ചിടത്തോളം വ്യക്തികളേക്കാള്‍ വലുത് പ്രസ്ഥാനമാണെന്നും അരിത ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പാര്‍ട്ടിയുടെ തീരുമാനം എപ്പോഴും അന്തിമമാണ്. അതുകൊണ്ട്് ലിജുവിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അരിത ബാബു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കായംകുളത്തുകാരേ, സഹപ്രവര്‍ത്തകരേ,
അച്ഛന്റെ കൈപിടിച്ച് കോണ്‍ഗ്രസ് വേദികളിലെത്തിയ ആ കൊച്ചുകുട്ടിയില്‍ നിന്ന്, ഇന്ന് നിങ്ങള്‍ കാണുന്ന അരിത ബാബുവായി വളരാന്‍ എനിക്ക് വഴികാട്ടിയായത് ഈ മഹാപ്രസ്ഥാനം തന്നെയാണ്. 2009 മുതല്‍ കെ.എസ്.യു പ്രവര്‍ത്തകയായി കായംകുളം പട്ടണത്തില്‍ സജീവമായിരുന്ന എനിക്ക്, 2015-ല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമാകാന്‍ ഈ പ്രസ്ഥാനം അവസരമൊരുക്കി. തുടര്‍ന്ന് 2021-ല്‍ കായംകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ഈ പ്രസ്ഥാനത്തിന്റേതാണ്.
2021-ലെ തിരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കായംകുളത്തിന്റെ ഓരോ സ്പന്ദനത്തിലും നിങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും എനിക്ക് പകര്‍ന്ന ഊര്‍ജ്ജം വളരെ വലുതാണ്. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് എന്നെയും ഒരു സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതിലും, എനിക്കുവേണ്ടി സ്‌നേഹത്തോടെ ശബ്ദമുയര്‍ത്തിയതിലും നിങ്ങളോരോരുത്തരോടും അതിയായ നന്ദിയുണ്ട്.
എന്നാല്‍, നമ്മെ സംബന്ധിച്ചിടത്തോളം വ്യക്തികളേക്കാള്‍ വലുത് പ്രസ്ഥാനമാണ്. പ്രത്യേകിച്ച്, ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെടുത്ത തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പാര്‍ട്ടിയുടെ തീരുമാനം എപ്പോഴും അന്തിമമാണ്; അത് അനുസരിക്കാന്‍ ഓരോ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. നമ്മുടെ പ്രിയങ്കരനായ നേതാവ് ശ്രീ. എം. ലിജു ആണ് ഇത്തവണ കായംകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും വലിയ കടമയാണ്.
ഇതിനിടയില്‍, 'സീറ്റ് ലഭിക്കാത്തതിനാല്‍ ഞാന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി മറ്റു പാര്‍ട്ടിയിലേക്ക് പോകുന്നു' എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരോട് ഒരൊറ്റ മറുപടി മാത്രമേയുള്ളൂ: 'മരണം വരെ കോണ്‍ഗ്രസ്...' ഒരു സാധാരണ പ്രവര്‍ത്തകയായ എനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം ഈ പ്രസ്ഥാനം നല്‍കിയിട്ടുണ്ട്.
ഒരു ചെറിയ നിരാശപോലും എന്നെ ബാധിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ മോഹിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഒരിക്കല്‍ പോലും എന്റെ മനസ്സില്‍ വന്നുപോയിട്ടില്ല. ഇനിയും അത് അങ്ങനെതന്നെ ആയിരിക്കും എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഈ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷം വരെ എന്നെയും പരിഗണിച്ചു എന്നത് തന്നെ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്. അതിലുപരി, നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച്, ഈ തവണ ഞാന്‍ മാറിനില്‍ക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് എനിക്ക് ഏറെ പ്രിയങ്കരനായ നമ്മുടെ നേതാവ് ശ്രീ. കെ.സി. വേണുഗോപാല്‍ എം.പി ആണ്. ആ വലിയ മനുഷ്യന്റെ കരുതലിലും മാര്‍ഗനിര്‍ദ്ദേശങ്ങളിലുമാണ് ഞാന്‍ ഇന്നുവരെ വളര്‍ന്നത്. അതുകൊണ്ടുതന്നെ, ഈ മാറിനില്‍ക്കല്‍ പതിനായിരം തിരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിച്ചതിനു തുല്യമായൊരു അംഗീകാരമായി ഞാന്‍ കാണുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആദ്യമായി നീലക്കൊടി പിടിച്ച അന്നു മുതല്‍ ഈ നിമിഷം വരെ പാര്‍ട്ടിയോട് കാണിച്ച അതേ ആത്മാര്‍ത്ഥതയോടെ ശ്രീ. എം. ലിജുവിന്റെ വിജയത്തിനായി ഞാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും. കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് യു.ഡി.എഫിന്റെ പാത സുഗമമാക്കാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം.