കൊച്ചി: പൊലീസ് കരുതൽ തടങ്കലിൽ എടുത്ത ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്കെതിരെ കേസെടുക്കും. പുതിയ ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാണ് ഗുണ്ട ലിസ്റ്റിൽ ഉള്ളവർ ഒത്ത് കൂടിയതെന്നാണ് വിവരം. ഇവർ സഞ്ചരിച്ച മൂന്ന് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അർജുനെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് പിടികൂടിയത്. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുൻ ആയങ്കി എത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സുഹൃത്തുക്കളും റിസോർട്ടിലാണ് താമസിച്ചിരിക്കുന്നത്.
വിവാഹ പരിപാടിക്കിടെ അർജുനും സുഹൃത്തുക്കളും നൃത്തം വച്ചതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് അർജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. അർജുനും സുഹൃത്തുക്കളും കോതമംഗലത്ത് എത്തിയതിൽ ദുരൂഹത ആരോപിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അർജുൻ കോതമംഗലത്ത് വരാൻ ഉണ്ടായ സാഹചര്യം പൊലീസ് വിശദമായി അന്വേഷിച്ചു.