തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് ഇന്‍സെന്റീവും വിരമിക്കല്‍ ആനുകൂല്യവും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എംപിമാർ ആശമാരുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ചുവെന്ന് മിനി ചൂണ്ടിക്കാട്ടി.
ഇന്‍സെന്റീവ് വർധനയില്‍ എല്ലാവർക്കും പങ്കുണ്ടെന്നും ആരുടെയും പങ്കിനെ കുറച്ചു കാണുന്നില്ലെന്ന് എസ്. മിനി പറഞ്ഞു. ഇൻസെന്റീവ് ഉയർത്തിയ സാഹചര്യത്തിൽ ലഭിക്കുന്ന തുകയിൽ മാറ്റം ഉണ്ടാകണം. വർധന എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നത് വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി അവസാനം പറഞ്ഞത് കേന്ദ്രം വർധിപ്പിക്കട്ടെ അപ്പോൾ പരിഗണിക്കാം എന്നാണ്. സംസ്ഥാന സർക്കാർ പരിഗണിക്കേണ്ട എല്ലാ സാഹചര്യവും വന്നുവെന്ന് മിനി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ നൽകുന്ന ഇൻസെന്റീവിന് സംസ്ഥാന സർക്കാർ നിബന്ധന വച്ചിരിക്കുന്നു. ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത കാര്യമാണത്. നിയമവിരുദ്ധമായ നടപടിയാണിത്. പുതുക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണം. ഈ നിബന്ധന മൂലം ലഭിക്കുന്ന തുക പകുതിയാകുന്നു. സമരത്തിലൂടെ മാറ്റമുണ്ടായതിൽ ആത്മാഭിമാനമുണ്ട്. ചെറിയൊരു ശതമാനം ആശമാർ നടത്തിയ സമരം രാജ്യത്തിനാകമാനം പ്രയോജനകരമായിയെന്നും എസ്. മിനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ആശമാരുടെ ഇന്‍സെന്റീവ് വർധനയെപ്പറ്റി അറിയിച്ചത്. ആശാ പ്രവർത്തകരുടെ ഇന്‍സെന്റീവ് കേന്ദ്ര സർക്കാർ 2000 രൂപയിൽ നിന്ന് 3500 രൂപയായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. 10 വർഷം ആശാ പ്രവർത്തകയായി സേവനം അനുഷ്ഠിച്ച ശേഷം പിരിഞ്ഞുപോകുന്നവർക്കാകും വിരമിക്കല്‍ ആനുകൂല്യം ലഭിക്കുക. ഇത് 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചില്‍ ചേർന്ന മിഷന്‍ സ്റ്റീയറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തത്.