കൊച്ചി: ആശാ പ്രവർത്തകർക്ക് ആശ്വാസമായി ഇന്‍സെന്റീവ് വർധന. ആശാ പ്രവർത്തകരുടെ ഇന്‍സെന്റീവ് കേന്ദ്ര സർക്കാർ 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി വർധിപ്പിച്ചു.
ആശാ പ്രവർത്തകരുടെ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ആശമാര്‍ മാസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്നതിനെ കുറിച്ചുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ഇക്കാര്യങ്ങള്‍ കേന്ദ്രം അറിയിച്ചത്. കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് എംപിയുടെ ചോദ്യത്തിന് കണക്കുകള്‍ നിരത്തി മറുപടി നല്‍കിയത്.
ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളിലും കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. 10 വർഷം ആശാ പ്രവർത്തകയായി സേവനം അനുഷ്ഠിച്ച ശേഷം പിരിഞ്ഞുപോകുന്നവർക്കാകും വിരമിക്കല്‍ ആനുകൂല്യം ലഭിക്കുക. ഇത് 20,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചില്‍ ചേർന്ന മിഷന്‍ സ്റ്റീയറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തത്.
ആയുഷ്മാന്‍ ആരോഗ്യ മന്ദിർ പദ്ധതി പ്രകാരം ആശകള്‍ക്ക് പ്രതിമാസം 1,000 രൂപ കൂടി നല്‍കുന്നുണ്ടെന്നും മന്ത്രി പാർലമെന്റില്‍ അറിയിച്ചു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ആശമാർക്ക് യൂണിഫോം, ഐഡി കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, സിയുജി സിമ്മുകള്‍, സൈക്കിളുകള്‍, ആശ ഡയറികള്‍, മരുന്ന് കിറ്റുകള്‍, വിശ്രമമുറികള്‍ എന്നിവ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കുമ്പോള്‍ ആശമാരുടെ സേവന സാഹചര്യങ്ങളും വേതനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതില്‍ അസമത്വം നിലനില്‍ക്കുന്നതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.