ആശ വർക്കർമാരുടെ സമരം 
KERALA

സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം അവസാനിപ്പിച്ച് ആശ വര്‍ക്കര്‍മാര്‍; ജില്ലാ കേന്ദ്രങ്ങളില്‍ സമരം തുടങ്ങുമെന്ന് സമരസമിതി

കേരളപ്പിറവി ദിനമായ നാളെ സമരം അവസാനിച്ചതായി പ്രഖ്യാപിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലിൽ 265 ദിവസം നീണ്ടു നിന്ന രാപകൽ സമരം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ് അസോസിയേഷൻ. ആവശ്യങ്ങൾ അംഗീകരിച്ചത് കൊണ്ടാണ് രാപ്പകൽ സമരം അവസാനിപ്പിച്ചത് എന്നും ജില്ലാ കേന്ദ്രങ്ങളിൽ സമരം തുടങ്ങുമെന്നും സമരസമിതി അറിയിച്ചു. കേരളപ്പിറവി ദിനമായ നാളെ സമരം അവസാനിച്ചതായി പ്രഖ്യാപിക്കും.

സെക്രട്ടറിയേറ്റ് പടിക്കലിലെ സമരത്തിന് പകരം രാഷ്ട്രീയമായ സമരം തുടരുമെന്നാണ് ആശമാർ അറിയിക്കുന്നത്. തെരഞ്ഞെടുപ്പിൽ വാർഡുകളിലേക്ക് എത്തി വിശദാംശങ്ങൾ ആശമാർ ജനങ്ങളെ ബോധിപ്പിക്കും. രാപകൽ സമരം നാളെ ഔദ്യോഗികമായി അവസാനിപ്പിക്കും എം.എ. ബിന്ദു പറഞ്ഞു. ഓണറേറിയം 21000 രൂപ ആക്കും വരെ സമരം തുടരും. സമര പ്രതിജ്ഞ റാലി നാളെ നടത്തും. റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. 2026 ഫെബ്രുവരി 10 ന് സമര റാലിയുണ്ടാവുമെന്നും എം.എ. ബിന്ദു വ്യക്തമാക്കി.

ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 2025 ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ രാപകൽ സമരം ആരംഭിച്ചത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. തുട‍ർന്ന് ആരോ​ഗ്യമന്ത്രി അടക്കമുള്ളവരുമായി നടന്ന ചർച്ചകൾ ഫലം കാണാതെ വന്നതോടെ ആശാ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ച് നിരാഹാര സമരം ആരംഭിച്ചിരുന്നു.

മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്. തുട‍ർന്ന് സമരത്തിൻ്റെ അടുത്തഘട്ടത്തിൻ്റെ ഭാ​ഗമായി നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ആശാ വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. 43-ാം ദിവസത്തിലാണ് ആശമാർ നിരാഹാരം അവസാനിപ്പിച്ചത്.

SCROLL FOR NEXT