ശുഭാൻഷു ശുക്ല Source: Files
KERALA

ശുഭാൻഷു ശുക്ല കേരളത്തിലേക്ക്... ലോക്ഭവൻ ഒരുക്കുന്ന പരിപാടിയിൽ അതിഥിയാകും

ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല മാർച്ച് 28ന് തിരുവനന്തപുരത്ത് എത്തും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല മാർച്ച് 28ന് തിരുവനന്തപുരത്ത് എത്തും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ അതിഥിയായാണ് ശുഭാൻഷു കേരളത്തിലെത്തുക. ലോക്ഭവൻ ഒരുക്കുന്ന പ്രത്യേക പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനാണ് ശുഭാൻഷു എത്തുന്നത്.

ലോക്ഭവനിൽ വച്ച് വൈകീട്ട് നാല് മണിയോട് കൂടിയാണ് പരിപാടി. തെരഞ്ഞെടുക്കപ്പെട്ട 500ഓളം വിദ്യാർഥികളുമായി ശുഭാൻഷു ലോക്ഭവനിൽ സംവദിക്കും. ബഹിരാകാശത്തിൽ ഇന്ത്യ, സുശക്തം ഇന്ത്യ, വികസിത ഭാരത്തിനായുള്ള യുവജന വീക്ഷണം എന്നീ വിഷയത്തിൽ പ്രഭാഷണം നടത്തുമെന്നും ലോക്ഭവൻ അറിയിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തെത്തിയ യാത്രികനാണ് ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷമായിരുന്നു ശുഭാൻഷു ഇന്ത്യയിലേക്ക് മടങ്ങിയത്. ആദ്യമായാണ് ബഹിരാകാശ നിലയം സന്ദർശിച്ചതിന് ശേഷം ശുഭാൻഷു കേരളത്തിലെത്തുന്നത്. അതിനാൽ ആവേശകരമായി പരിപാടി നടത്താൻ തന്നെയാണ് ലോക്ഭവൻ്റെ തീരുമാനം.

SCROLL FOR NEXT