Source; Social Media
KERALA

കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞതായി പ്രോസിക്യൂഷൻ; വീണാ ജോർജിന് പരിക്കേറ്റ കേസിൽ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ നാളെ വിധി

മന്ത്രിയെ പരിക്കേൽപ്പിക്കാൻ ഉപയോഗിച്ചുവന്ന് പറയുന്ന ആയുധം കണ്ടെത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. സംഭവത്തിൽ പ്രതിഷേധക്കാർ ചെറിയ ആയുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പ്രോസിക്യൂഷൻ വാദം. കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞതായാണ് സംശയം. ഇത് കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുകയാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

പ്രതിഷേധങ്ങളെ തുടർന്നാണ് ആരോഗ്യ മന്ത്രിക്ക് പരിക്കുപറ്റിയത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ആയുധം ഉപയോഗിച്ചിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

മന്ത്രിയെ പരിക്കേൽപ്പിക്കാൻ ഉപയോഗിച്ചുവന്ന് പറയുന്ന ആയുധം കണ്ടെത്തിയിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ കനത്ത സുരക്ഷയിൽ ആയിരുന്നു മന്ത്രി. ആരോഗ്യനില മോശമായതിനെ തുടർന്ന് മൊഴി രേഖപ്പെടുത്താനായില്ലെന്ന് പൊലീസ് പറയുന്നു. മന്ത്രി മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.

കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതമുണ്ടെന്ന് മെഡിക്കൽ സംഘം പ്രാഥമിക എക്സ്റേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഐസിയുവിൽ ഒരു ദിവസം കിടത്തി ചികിത്സ നൽകിയ ശേഷമാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.

മന്ത്രി കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ പുറത്ത് യാത്രക്കാരെന്ന മട്ടിൽ പതുങ്ങി നിൽക്കുന്ന പ്രതിഷേധക്കാർ പൊടുന്നനെ കരിങ്കൊടിയുമായി മന്ത്രിക്ക് പിന്നാലെ പായുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ഓടിയടുക്കുന്നതിനിടെ പൊലീസുകാർ മന്ത്രിക്ക് കവചം തീർക്കുന്നതും, ഉന്തും തള്ളിനുമിടയിൽ ഒരു പൊലീസുകാരൻ്റെ കൈ മന്ത്രിയുടെ കഴുത്തിൽ തട്ടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മന്ത്രിയും പ്രതിഷേധക്കാരും തമ്മിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് വാക്കേറ്റം നടന്നിരുന്നു.

SCROLL FOR NEXT