KERALA

"ഭക്തജനത്തിരക്ക് നിയന്ത്രണവിധേയം, സ്പോട്ട് ബുക്കിങ്ങിനായി നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ സ്ഥാപിക്കും"; പടി കയറുന്നവരുടെ എണ്ണം കൂട്ടുമെന്ന് കെ. ജയകുമാർ

തിരക്ക് നിയന്ത്രണ വിധേയമാക്കാനായി ശബരിമലയിൽ ദർശനസമയം നീട്ടിയിരുന്നു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മണിക്കൂറുകളോളം നീണ്ട ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണെന്ന് അധികൃതർ. അതേസമയം നടപ്പന്തലിലും മരക്കൂട്ടത്തും വൻ ഭക്തജനക്കൂട്ടം ഇപ്പോഴും തുടരുന്നുണ്ട്. തിരക്ക് നിയന്ത്രണവിധേയമാക്കാനായി ശബരിമലയിൽ ദർശനസമയം നീട്ടിയിരുന്നു. ഉച്ചയ്ക്ക് ദർശനം 2 മണിവരെയാക്കി. നേരത്തെ ഒരു മണിവരെയായിരുന്നു ദർശനം അനുവദിച്ചിരുന്നത്. ഭക്തരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ് എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. നിലവിലെ സ്ഥിതി ഭയാനകമാണ്. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. പതിനെട്ടാം പടികയറുന്നവരുടെ എണ്ണം കൂട്ടും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും. പ്രശ്നങ്ങൾ ഉടൻ പരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം, സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർത്ഥാടകർ മടങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഈ തീർത്ഥാടകർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. രണ്ടുദിവസമായി വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. പതിനെട്ടാം പടി മുതൽ പമ്പ വരെ ആളുകളുടെ നീണ്ട ക്യൂ ആണ്. 12 മണിക്കൂറോളമാണ് ക്യൂ നിൽക്കേണ്ടി വരുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരുന്നു.

SCROLL FOR NEXT