Source: News Malayalam 24x7
KERALA

നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് കര്‍ശന ഉപാധികളോടെ ജാമ്യം

48 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു ഡോ. റാം

Author : ന്യൂസ് ഡെസ്ക്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്‌ വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിന് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കര്‍ശന ഉപാധിയോടെ ജാമ്യം നൽകിയത്. കോളേജിൽ പ്രവേശിക്കാൻ പാടില്ല, കുട്ടികളെ സ്വാധീനിക്കാൻ പാടില്ല എന്നിങ്ങനെയാണ് ഉപാധികള്‍. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ്‌ ഹർജി വിധിപറയാനായി മാറ്റിയത്‌. കോടതി അനുമതിയോടെ ജൂലൈ 24നാണ്‌ റാമിനെ അറസ്റ്റ്‌ ചെയ്‌തത്‌. 48 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു.

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക്‌ വരുന്നതിനിടെ, കുടകിൽനിന്നായിരുന്നു റാമിനെ കസ്റ്റഡിയിലെടുത്തത്‌. എന്നാല്‍, അറസ്റ്റിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ജില്ലാ സെഷൻസ്‌ കോടതി പ്രതിയെ വിട്ടയച്ചു. തുടര്‍ന്നാണ് കോടതി അനുമതിയോടെയാണ്‌ വീണ്ടും അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ​അറസ്റ്റിൽ പൊലീസും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയും തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമർശിച്ചിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. സംഗീതയ്‌ക്ക്‌ നേരത്തെ ജില്ലാ സെഷൻസ്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. ആത്മഹത്യാപ്രേരണകുറ്റവും എസ്‌സി–എസ്‌ടി വകുപ്പുംചുമത്തിയാണ്‌ അധ്യാപകർക്കെതിരെ ചക്കരക്കല്ല്‌ പൊലീസ്‌ കേസെടുത്തത്‌. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ്‌പി കെ.വി. വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30ന് അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നിതിന്‍ രാജ് നിരന്തരം ജാതി അധിക്ഷേപത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍, നിതിന്‍ രാജ് സഹോദരിക്ക്‌ അയച്ച ഓഡിയോ, വാട്‌സാപ്‌ സന്ദേശങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

SCROLL FOR NEXT