ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം 
KERALA

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണ് അപകടം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ട് പേരുടെ നില ഗുരുതരം

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പരിക്കേറ്റ ഒരു മലയാളി അടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് മരിച്ചത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.

രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ബെംഗളൂരുവിലെത്തയത്. 56 പേർ അടങ്ങുന്ന സംഘമാണ് യാത്ര പോയത്. ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിന് ഇറങ്ങിയ സമയത്ത് കനത്ത കാറ്റും, മഴയും ഉണ്ടായത്. തുടർന്ന് അടുത്തുള്ള ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറിനിന്നു.

ഇതിനിടെ പെട്ടെന്നാണ് മതിലിടിഞ്ഞ് വീണത്. ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് മുതൽ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരുമണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു.

SCROLL FOR NEXT