

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ ബൗറിങ് ആശുപത്രിയുടെ മതിൽ തകർന്ന് ദേഹത്തേക്ക് വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ ബൗറിങ് ആൻഡ് ലേഡി കഴ്‌സൺ മെഡിക്കൽ കോളേജിലെ മതിലാണ് ഇന്ന് വൈകീട്ട് 5.30 ഓടെ തകർന്നത്.
മരിച്ചവരുടെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. കുടുംബശ്രീയുടെ വിനോദയാത്രാ സംഘത്തിൽ ഉള്ളവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമിക്കുന്ന യൂണിറ്റിലെ 56 പേരുടെ സംഘമാണ് വിനോദയാത്ര പോയത്. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇക്കൂട്ടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവർ അപകട സ്ഥലത്തെത്തി.