Source: News Malayalam 24X7
KERALA

പറണ്ടോട് ജപ്തി നടപടിയിൽ പുറത്താക്കിയ കുടുംബത്തിന് ഇളവ് നൽകി ബാങ്ക്; നടപടി ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെ

വായ്പാ തിരിച്ചടവിന് ആറ് മാസത്തെ കാലാവധിയാണ് അനുവദിച്ചത്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: വായ്പയിൽ കുടിശിക വന്നതിനെ തുടർന്ന് കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ജപ്തി നടപടിയിൽ ഇളവ് നൽകി ബാങ്ക് അധികൃതർ. വായ്പാ തിരിച്ചടവിന് ആറ് മാസത്തെ കാലാവധിയാണ് അനുവദിച്ചത്. ബാലാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് ഇളവ് അനുവദിച്ചത്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. ബാങ്ക് നടപടിയെ തുടർന്ന് അഞ്ചുമാസം പ്രായമായ കുട്ടിയും വയോധികരും ഉൾപ്പെടെ പെരുവഴിയായിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.

കുടുംബം 11 ലക്ഷം രൂപ വായ്പ എടുത്തതതിൽ ആറ് ലക്ഷം രൂപ കുടിശിക തുടരുകയാണെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. എന്നാൽ ആറുമാസത്തെ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് തയ്യാറായില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഇതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. കുടിശികത്തുക നിലനിർത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീർക്കാമെന്നും പലതവണ സംസാരിച്ചെങ്കിലും ബാങ്കിനത് സ്വീകാര്യമായിരുന്നില്ല. മുഴുവൻ തുകയും അടയ്ക്കണമെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്നാണ് നിഹാസ് പറയുന്നത്.

അഞ്ച് ലക്ഷത്തോളം രൂപ ഇതിനകം തിരികെ അടച്ചിരുന്നു. നിഹാസും ഭാര്യയും അഞ്ച് മാസമായ കുട്ടിയും നിഹാസിന്റെ മാതാപിതാക്കളും മാതാവിന്റെ മാതാവുമാണ് ഈ വീട്ടിൽ കഴിയുന്നത്. മറ്റെവിടെയും പോകാൻ ആശ്രയമില്ലാത്ത കുടുംബം വീടിനു പുറത്താണ് രാത്രിവൈകിയും താമസിച്ചത്. ജപ്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബ്രാഞ്ച് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

പ്രവാസിയായ നിഹാസ് വീട് വയ്ക്കുന്നതിനായി എൻആർഐ ലോൺ എടുത്തിരുന്നു. കൊറോണ ബാധിച്ചതോടെ വിദേശത്തുനിന്നു ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിഹാസ് അപകടത്തിൽപ്പെടുകയും ദീർഘനാൾ ചികിത്സയിലാകുകയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വെച്ചുള്ള അടവ് മുടങ്ങി. തുടർന്ന് ശാരീരികസ്ഥിതി നേരെയാക്കി പിതാവിന്റെ ജോലിയായ ചുമട്ടുതൊഴിൽ ചെയ്തുവരുകയായിരുന്നു. ഇതിനിടെ ബാങ്കുമായി ബന്ധപ്പെട്ട കുടിശികയായ തുക നിലനിർത്തി ബാക്കി തുക അടച്ചുവരുകയും കിട്ടുന്ന മുറയ്ക്ക് കുടിശികയും അടച്ചുതീർക്കാമെന്ന് നിരവധിതവണ ബ്രാഞ്ചുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ആവശ്യം ബാങ്ക് നിരസിച്ചതോടെ പലിശ ഉൾപ്പെടെ ഒരുമിച്ച് അടയ്ക്കാനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലുമായിരുന്നു നിഹാസ്. ഇതിനിടെയാണ് വ്യാഴാഴ്ച ബാങ്ക് ജപ്തിനടപടി സ്വീകരിച്ചത്.

SCROLL FOR NEXT