കരയോഗത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ Source: News Malayalam 24x7
KERALA

"കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി, സുകുമാരൻ നായർ കട്ടപ്പയായി മാറി"; പത്തനംതിട്ട വെട്ടിപ്രം കരയോഗത്തിനു മുന്നിൽ ബാനർ

അതേസമയം ബാനറിനെക്കുറിച്ച് അറിയില്ലെന്ന് വെട്ടിപ്പുറം കരയോഗം പ്രസിഡൻ്റ് അഡ്വക്കേറ്റ് ദിനേശ് നായർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വെട്ടിപ്പുറത്ത് കരയോഗത്തിനു മുന്നിൽ ബാനർ. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്നാണ് ബാനറിലെ വിമർശനം. ജി. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിളിച്ച്, പരിഹാസത്തോടെ ആയിരുന്നു ബാനർ. അതേസമയം ബാനറിനെക്കുറിച്ച് അറിയില്ലെന്ന് വെട്ടിപ്പുറം കരയോഗം പ്രസിഡൻ്റ് അഡ്വക്കേറ്റ് ദിനേശ് നായർ പറഞ്ഞു.

'ബാഹുബലി' ചിത്രത്തിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രമടക്കം വെച്ചാണ് കരയോഗത്തിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്' എന്നാണ് ബാനറിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ കരയോഗത്തിന് ബാനറിനെക്കുറിച്ച് അറിയില്ലെന്നാണ് കരയോഗം പ്രസിഡൻ്റ് അഡ്വക്കേറ്റ് ദിനേശ് നായർ പറയുന്നത്. വ്യക്തിപരമായി പല അഭിപ്രായങ്ങൾ ഉള്ളവർ കരയോഗത്തിൽ ഉണ്ട്. അതിൽ ഒരാളോ ഒരു കൂട്ടമായോ ആരെങ്കിലും കെട്ടിയത് ആകും. ജനറൽ സെക്രട്ടറി അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞു, മറ്റുള്ളവർക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. അടുത്ത പൊതുയോഗത്തിൽ ജനറൽ സെക്രട്ടറിയുടെ നിലപാട് ചർച്ചയാകുമെന്നും കരയോഗം പ്രസിഡൻ്റ് പറഞ്ഞു.

SCROLL FOR NEXT