
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിൽ നിന്ന് വോട്ടർ പട്ടിക അപ്രത്യക്ഷമായി. ഡീലിമിറ്റേഷൻ പ്രക്രിയ പുരോഗമിക്കുന്നുവെന്ന അറിയിപ്പാണ് വെബ്‌സൈറ്റിൽ ഇപ്പോൾ കാണിക്കുന്നത്. സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും ഉടൻ പ്രവർത്തനക്ഷമമാകുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം.
സെപ്റ്റംബർ രണ്ടിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. നവംബർ-ഡിസംബർ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഡിസംബർ 20നകം പുതിയ ഭരണസമിതി അധികാരമേൽക്കണമെന്നും കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. വോട്ടർ പട്ടിക വീണ്ടും പുതുക്കുമെന്നും സൂചനയുണ്ടായിരുന്നു.
അതേസമയം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷം തീയതികൾ നിശ്ചയിക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറും അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജൻ്റ്മാരും റിട്ടേണിങ് ഓഫീസർമാരും തിരക്കിലായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എസ്ഐആർ നടപ്പിലാക്കാൻ കഴിയുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞിരുന്നു.