തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കേസ് വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആശങ്കയുള്ളതായും കുടുംബം ഡിജിപിയെ നേരിൽ കണ്ട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തി കുടുംബാഗങ്ങളുടെ മൊഴി എടുത്തു. നിതിന്റെ അമ്മ മൊഴി നൽകാനുള്ള മാനസികാവസ്ഥയിൽ അല്ലെന്ന് പൊലീസ് പറഞ്ഞു.
നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലോൺ ആപ്പ് വിവാദം, സത്യങ്ങൾ മറച്ചുവെക്കാനുള്ള നീക്കമെന്ന് കുടുംബം പറഞ്ഞു. അമ്മയുടെ ചികിത്സക്കായി നിതിൻ വായ്പയെടുത്ത കാര്യം വീട്ടിൽ അറിഞ്ഞിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്നും നിതിൻ്റെ അച്ഛൻ രാജൻ പറഞ്ഞു. അധ്യാപകരുടെ കടുത്ത സമ്മർദവും ജാതി അധിക്ഷേപവും നേരിട്ട നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ലോൺ ആപ്പ് പരാതി ഉയർത്തുന്നത് ജാതി വിവേചനം മറയ്ക്കാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണം ആവർത്തിക്കുകയാണ് വീട്ടുകാർ.
ഹോസ്റ്റൽ വാർഡനെതിരെയും ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉയർത്തുന്നത്. കേസിൽ ആരോഗ്യ സർവകലാശാലയും അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി ഉറപ്പാക്കുമെന്നും ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിൽ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ അഞ്ചരക്കണ്ടി കോളജിലേക്ക് വിദ്യാർഥി- യുവജന സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.