KERALA

സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രി ചർച്ച വേണ്ട; തീരുമാനം ഹൈക്കമാൻഡിൻ്റേത്: ബെന്നി ബെഹനാൻ

മുഖ്യമന്ത്രിയെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തുന്നത് നല്ല പ്രവണത അല്ലെന്നും ബെന്നി ബെഹനാൻ എംപി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: യുഡിഎഫിലെ മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് സോഷ്യൽ മീഡിയ വഴി ചർച്ച വേണ്ടെന്ന് ബെന്നി ബെഹനാൻ എംപി. ഇത്തരം ചർച്ചകൾ ഹൃദയഭേദകം ആണെന്നും ബെന്നി ബെഹനാൻ എംപി പറഞ്ഞു. ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. മുഖ്യമന്ത്രിയെക്കുറിച്ച് ഇപ്പോൾ ചർച്ച നടത്തുന്നത് നല്ല പ്രവണത അല്ലെന്നും ബെന്നി ബെഹനാൻ എംപി ചൂണ്ടിക്കാട്ടി.

ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പാർട്ടി നേതൃത്വം കർശനമായി ഇടപെടണം. ചർച്ച നടത്തുന്നവർക്ക് കോൺഗ്രസ് നന്നാവുക എന്നതല്ല ലക്ഷ്യം. ഞങ്ങളുടെ മുഖ്യമന്ത്രിയെ ഞങ്ങൾ തീരുമാനിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിൽ തീരുമാനമെടുക്കേണ്ടതില്ലെന്നും ബെന്നി ബെഹനാൻ അറിയിച്ചു.

അതേസമയം, നാലാം തീയതി റിസൾട്ട് വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരാകുമെന്ന് കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും, നാലാം തീയതിക്ക് ശേഷം മാത്രമേ ചർച്ച ആരംഭിക്കുകയുള്ളൂ എന്നും കെ. മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയുന്ന അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇപ്പോൾ പ്രസക്തി ഇല്ലെന്നും, ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. തോൽക്കാൻ പോകുന്നവർക്ക് നാലാം തീയതി വരെ ജയിക്കുമെന്ന് പറഞ്ഞ് നടക്കാമെന്നും അതുവരെ അവർക്ക് ആശ്വസിക്കാമെന്നും മുരളീധരൻ പരിഹസിച്ചു. നാലിന് 12 മണി കഴിയുമ്പോൾ ഇവർ യാഥാർഥ്യം അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT