കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടി തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ. സന്ദർശനത്തെ ന്യായീകരിക്കാൻ ഗാന്ധിയെയും നെഹ്റുവിനെയും കൂട്ടുപിടിക്കരുത്. എന്നാൽ സിപിഎമ്മിൻ്റെ വേട്ടയാടലിന് മന്ത്രിയെ വിട്ടുകൊടുക്കില്ലെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു.
സിപിഐഎമ്മിൻ്റെ സൈബർ നീക്കങ്ങൾക്കെതിരെ സംരക്ഷണ കവചം ഒരുക്കും. കോൺഗ്രസിലെ ആഭ്യന്തര ചർച്ചകളെ തർക്കങ്ങളായി ചിത്രീകരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സിപിഎം നോക്കേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റ്
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം? ആ സന്ദർശനം തെറ്റ് തന്നെയാണ്; സി.പി.എമ്മിന്റെ വ്യാമോഹങ്ങൾ ഇവിടെ വിലപ്പോവില്ല!
മന്ത്രി ബിന്ദു കൃഷ്ണ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കകത്ത് നടക്കുന്ന ചർച്ചകളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ നോക്കുന്ന സി.പി.എം കേന്ദ്രങ്ങൾ ഒന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. കൊല്ലം എന്ന സി.പി.എമ്മിന്റെ കോട്ടക്കൊത്തളങ്ങൾ തകർത്തെറിഞ്ഞ്, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രസ്ഥാനത്തിന്റെ ചോരയും നീരും നൽകിയ പോരാട്ട വീര്യത്തിലൂടെയും യുഡിഎഫ് പ്രവർത്തകർ നൽകിയ ചരിത്രവിജയത്തിലൂടെയും കടന്നുവന്ന ഒരു വനിതാ മന്ത്രിയെ സി.പി.എമ്മിന്റെ വേട്ടയാടലിൽ നിന്ന് സംരക്ഷിക്കാൻ സംഘടന കാവലൊരുക്കുന്നതിൽ തെറ്റില്ല.
ഒരു വനിതാ മന്ത്രിക്ക് നേരെ സി.പി.എം സൈബർ വിംഗിനെ മുൻനിർത്തി നടത്തുന്ന ഇത്തരം നെറികെട്ട നീക്കങ്ങൾക്കെതിരെ പൂർണ്ണമായ സംരക്ഷണ കവചം ഒരുക്കാൻ യൂത്ത് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.എല്ലാവരെയും ചേർത്തുപിടിക്കുന്ന യു.ഡി.എഫ് നയമാണ് മന്ത്രി പിന്തുടർന്നതെന്നും, വെറുപ്പിനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തണമെന്ന ഗാന്ധിയൻ ആശയമാണ് ഇതിന് പിന്നിലെന്നുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
എന്നാൽ, സി.പി.എമ്മിൽ നിന്ന് മന്ത്രിക്ക് പ്രതിരോധം തീർക്കുമ്പോൾ തന്നെ, മത-വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുന്നവരെ സന്ദർശിച്ച നടപടി തെറ്റ് തന്നെയാണ്. അത്തരം നിലപാടുകാരുടെ വർഗ്ഗീയതയെ ഗാന്ധിയുടെയും നെഹ്റുവിന്റേയും പേര് പറഞ്ഞ് സംരക്ഷിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല. വർഗ്ഗീയ നിലപാടുകളുള്ളവരിൽ നിന്ന് വ്യക്തമായ അകലം പാലിക്കുകയെന്ന യൂത്ത് കോൺഗ്രസിന്റെ ആശയത്തിന് തീർത്തും വിരുദ്ധമാണ് ഇത്തരം സന്ദർശനങ്ങളും അതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും. ഇത്തരം വീഴ്ചകളെ ന്യായീകരിക്കാൻ ഗാന്ധിയെയും നെഹ്റുവിനെയും കൂട്ടുപിടിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഇതിന്റെ പേരിൽ യൂത്ത് കോൺഗ്രസിൽ ഒരു തരത്തിലുള്ള പൊട്ടിത്തെറിയോ തർക്കമോ ഉണ്ടാകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല.ഈ സാഹചര്യത്തിൽ, കോൺഗ്രസിനകത്ത് നടക്കുന്ന ഇത്തരം ജനാധിപത്യപരമായ സംവാദങ്ങളെ മുൻനിർത്തി യു.ഡി.എഫിനോടും കോൺഗ്രസിനോടും ചോദ്യങ്ങൾ ചോദിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്ക് യാതൊരുവിധ ധാർമ്മിക അവകാശവുമില്ല. ഫാസിസത്തോടും വർഗ്ഗീയതയോടും പലപ്പോഴായി സന്ധിചെയ്തിട്ടുള്ള ചരിത്രമുള്ള സി.പി.എം, സ്വന്തം മുന്നണിയിലെയും പാർട്ടിയിലെയും ജീർണ്ണതകളും വീഴ്ചകളും മൂടിവെക്കാൻ കോൺഗ്രസിലെ ആഭ്യന്തര ചർച്ചകളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാമെന്ന് കരുതേണ്ട.
ജനാധിപത്യ മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട്, പാർട്ടിക്ക് അകത്തുള്ള ആശയസംവാദങ്ങളെ തർക്കങ്ങളായി ചിത്രീകരിച്ച് അതിൽ നിന്ന് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി തുനിയേണ്ടതില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യം എന്ന് പറയുന്നതുപോലെ, ഈ വിഷയത്തിൽ ഇടപെടാൻ സി.പി.എം നേതാക്കൾക്കോ അണികൾക്കോ ഒരു അവകാശവുമില്ല. കോൺഗ്രസിനെ വിചാരണ ചെയ്യാൻ വരും മുൻപ്, സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പുകളും ഭരണ പരാജയങ്ങളും പരിശോധിക്കാനാണ് ഗോവിന്ദൻ മാസ്റ്റർ തയ്യാറാകേണ്ടത്.
വി. പി. ദുൽഖിഫിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി