KERALA

ശബരിമല സ്വർണക്കൊള്ള വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തി; വീടുകളിൽ ചെല്ലുമ്പോൾ ചോദ്യം ഉയരുന്നു: ബിനോയ് വിശ്വം

വിശ്വാസികൾ ശത്രുക്കൾ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയെന്ന് സിപിഐ. വിഷയം വിശ്വാസികളുടെ മനസിനെ ചെറുതായി വ്രണപ്പെടുത്തിയിട്ടുണ്ട് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വീടുകൾ കയറുമ്പോൾ വിശ്വാസികളെ പരിഗണിച്ചോ എന്ന ചോദ്യം ഉയരുന്നുണ്ട്. വിശ്വാസികൾ ശത്രുക്കൾ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളാണ്. എന്നാൽ മതഭ്രാന്ത് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണെന്നും, ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല. അറിയാതെ പാളിച്ച ഉണ്ടായോ എന്നതും അറിയില്ല. എന്തായാലും അന്വേഷണം നടക്കട്ടെ എന്നും ബിനോയ് വിശ്വം പറഞ്ഞു.

ശങ്കരദാസ് ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ്. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ല. അന്വേഷണം പൂർത്തിയായ ശേഷം എങ്ങനെ ഗൗരവത്തോടെ കാണണമോ അങ്ങനെ കാണും. കമ്മ്യൂണിസ്റ്റ് പാർട്ടി മനുഷ്യത്വമുള്ള പാർട്ടിയാണ് എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

മുന്നണി മാറ്റവിഷയം ഉയർന്നപ്പോൾ ജോസ് കെ.മാണിയുമായും റോഷി അഗസ്റ്റിനുമായും സംസാരിച്ചിട്ടുണ്ട്. എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോൺഗ്രസിന് ഇല്ല എന്ന് അവർ തന്നെ പറയുന്നു. കേരള കോൺഗ്രസിന് സ്വന്തം വഴിയറിയാം. കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിൻ്റെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

എൽഡിഎഫുമായി കേരള കോൺഗ്രസ് എമ്മിനുള്ള ബന്ധം ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ്റെ പ്രതികരണം. കേരള കോൺഗ്രസ് എം എടുക്കേണ്ട നിലപാട് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. കേരള കോൺഗ്രസ് എം എൽഡിഎഫിൻ്റെ ഭാഗമാണ്. അതിൽനിന്ന് വ്യത്യസ്തമായ ഒരു നിലപാട് എൽഡിഎഫോ കേരള കോൺഗ്രസ് എമ്മോ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾ എൽഡിഎഫിൻ്റെ അടിത്തറ വിപുലപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. എൽഡിഎഫിന് വിസ്മയമില്ല. പക്ഷേ, യുഡിഎഫ് വലിയ ആശങ്കയിലാണ്. അതുകൊണ്ട് ആരെ ഏതു പാർട്ടിയെ സ്വാധീനിക്കാൻ കഴിയും എന്നുള്ള ശ്രമത്തിലാണ് അവർ മുന്നോട്ട് പോകുന്നത്. അവരുടെ അടിത്തറ ഭദ്രമാണെങ്കിൽ ഇത്തരം നീക്കങ്ങളുടെ ആവശ്യമില്ലല്ലോ എന്നും രാമകൃഷ്ണൻ പറഞ്ഞു.

SCROLL FOR NEXT