

ഇടുക്കി: കേരള കോണ്‍ഗ്രസ് മുന്നണി മാറ്റത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെന്നും മണിക്കൂര്‍ തോറും മാറ്റി പറയുന്ന സ്വഭാവം പാര്‍ട്ടിക്കില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കിയതില്‍ അപ്പുറം തനിക്കൊന്നും പറയാന്‍ ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
"മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെയര്‍മാന്‍ മറുപടി പറഞ്ഞു കഴിഞ്ഞല്ലോ. ഞങ്ങള്‍ ദിവസം തോറും, മണിക്കൂര്‍ തോറും മാറി മാറി പറയുന്ന പാര്‍ട്ടിയല്ല. പാര്‍ട്ടി ചെയര്‍മാന്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെ മറുപടി പറഞ്ഞു കഴിഞ്ഞു. അതൊരു ചര്‍ച്ചയല്ലല്ലോ ഇപ്പോള്‍. മുഖ്യമന്ത്രിയുമായി അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടില്ല. ഇല്ലാത്തതുകൊണ്ടല്ലേ ഞാന്‍ പറഞ്ഞത്. എനിക്ക് അറിയില്ല. പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കി കഴിഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല," റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ മുന്നണി മാറ്റം സംബന്ധിച്ച് ഭിന്നാഭിപ്രായം ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകളിലും റോഷി അഗസ്റ്റിന്‍ മറുപടി പറഞ്ഞു. അതൊക്കെ അഭിപ്രായങ്ങള്‍ മാത്രമല്ലേ എന്നും തീരുമാനങ്ങളല്ലേ അറിയേണ്ടത് എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഏതൊരു പാര്‍ട്ടിയും മീറ്റിംഗ് കൂടുന്ന സമയത്ത് മീറ്റിംഗിലുണ്ടാവുന്ന അഭിപ്രായങ്ങളെ ക്രോഡീകരിച്ച് അവസാനം വ്യക്തമായി ചെയര്‍മാന്‍ നിലപാട് പറഞ്ഞു കഴിഞ്ഞാല്‍ അതല്ലേ അവസാന വാക്ക് എന്നും മന്ത്രി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറുന്നതില്‍ നിന്നും പിന്മാറുന്നതില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മന്ത്രി റോഷി അഗസ്റ്റിനുമായി മുഖ്യമന്ത്രി സംസാരിച്ച് മുന്നണി വിടരുതെന്ന് ആവശ്യപ്പെട്ടെന്നും ചര്‍ച്ചയ്ക്ക് പിന്നാലെ റോഷി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. മുന്നണി മാറ്റ നീക്കം സിപിഐഎം അറിഞ്ഞതോടെയാണ് ജോസ് കെ. മാണി പിന്നോട്ട് പോയതെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്.
ജോസ് കെ. മാണി മുഖ്യമന്ത്രി പങ്കെടുത്ത കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്ന് വിട്ടുനിന്നത് മുന്നണി മാറ്റ നീക്കത്തെ തുടര്‍ന്നാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സമരത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കുകയും ഇടതിനൊപ്പം തുടരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ വിശദീകരണവുമായി ജോസ് കെ. മാണി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. സമരത്തില്‍ പങ്കെടുക്കാതിരുന്നത് താന്‍ കേരളത്തിന് പുറത്തായതിനാലാണെന്നും അക്കാര്യം നേരത്തെ തന്നെ എല്‍ഡിഎഫിനെ അറിയിച്ചെന്നുമായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.