ബിനോയ് വിശ്വം, രാജേന്ദ്ര വിശ്വനാഥ് അർലേക്കർ Source: Facebook/ Binoy Viswasm, Rajendra Vishwanath Arlekar
KERALA

ഭാരതാംബ ചിത്ര വിവാദം: പ്രകോപന മുദ്രാവാക്യങ്ങളുമായി ബിജെപി; ഭാരത് മാതാ സങ്കൽപ്പത്തിന് ആരും മതച്ഛായ നൽകേണ്ടെന്ന് ബിനോയ് വിശ്വം

ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ച് ബ്രാഞ്ച് തലം മുതൽ ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ടാണ് ഭാരതമാത വിവാദത്തിൽ സിപിഐ ഗവർണർക്കെതിരെ രാഷ്ട്രീയ നിലപാട് കടുപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ഭാരതാംബയുടെ ചിത്രം രാജ്ഭവനിലെ പരിപാടിയിൽ ഉപയോഗിച്ചത് സംബന്ധിച്ച വിവാദത്തിൽ ബിജെപിയും സിപിഐയും നേർക്കുനേർ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി മന്ത്രി പി. പ്രസാദിൻ്റെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. പ്രകോപന മുദ്രാവാക്യങ്ങളുമായാണ് മാർച്ച് നടത്തിയത്. പിന്നാലെ വിളക്കുകൊളുത്തി പുഷ്പാർച്ചന നടത്താനുള്ള നീക്കം സിപിഐ പ്രവർത്തകർ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി.

അതേസമയം, ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ച് ബ്രാഞ്ച് തലം മുതൽ ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ടാണ് ഭാരതമാത വിവാദത്തിൽ സിപിഐ ഗവർണർക്കെതിരെ രാഷ്ട്രീയ നിലപാട് കടുപ്പിച്ചത്. സിപിഐ തൃശൂർ ജില്ല കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ പതാക ഉയർത്തി. ഭാരത് മാതാ എന്ന സങ്കൽപ്പത്തിന് മതച്ഛായ കൊടുക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ഭാരത് മാതാ ദേശസ്നേഹത്തിന്റെ പ്രതീകമാണ്. ആർഎസ്എസിന്റെ കൊടിപിടിച്ചു നിൽക്കുന്നതല്ല പ്രകൃതിയും ദേശസ്നേഹവും ചേർന്നതാണത്. ആർഎസ്എസ് ആണോ ഭരണഘടനയോ വലുത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ആർഎസ്എസിന്റെ നയങ്ങളാണോ ഭരണഘടനയാണോ വലുത്. ഭാരതാംബയെ ദേശീയപതാകയേക്കാൾ വലുതായി ഗവർണർ ചിത്രീകരിക്കുകയാണ്. സംഘപരിവാറുകാരന് അത് ചെയ്യാം. ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർ ബഹുമാനിക്കേണ്ടത് ഭരണഘടനയാണ് ബിനോയ് വിശ്വം പറഞ്ഞു.

രാജ്ഭവനിൽ സംഭവിച്ചത് ബിജെപിയുടെ രാഷ്ടീയ ധാരണയുടെ പേരിൽ സംഭവിച്ചതാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഭാരതാംബുടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണോ. ഇന്ത്യൻ ഭരണഘടനാ അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ ഗവൺമെൻ്റിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് മാതാ കി ജയ് എന്നാ മുദ്രാവാക്യം ആരുടെയും കുത്തകയല്ല. ജവഹർ ലാൽ നെഹ്റു പോലും ഉയർത്തിയ മുദ്യാവാക്യമാണത്. ഇന്ത്യൻ ജനതയാണ് ഭാരത് മാതാ എന്നത്. സ്വാതന്ത്ര സമരത്തിലേക്ക് എത്തി നോക്കത്തവരാണ് ഇപ്പോൾ അവകാശവാദവുമായി എത്തുന്നത്. ബിജെപി ഇപ്പോൾ നടത്തുന്നത് പ്രതിഷേധ നാടകങ്ങൾ ആണ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

ഗവർണർക്കെതിരെ പോരിനില്ലെങ്കിലും, പരസ്യമായി പൊതുഇടത്തിൽ വർ​ഗീയത പ്രചരിപ്പിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളം പോലെ ഉപയോഗിക്കാൻ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരിച്ചു. രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് അസംബന്ധമാണ്. പൊതുയിടങ്ങളിൽ വർഗീയ ചിഹ്നങ്ങൾ പാടില്ല. പ്രശ്നത്തിൽ ഗവർണറോട് വിട്ടുവീഴ്ച ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസിൻ്റെ ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജനും പ്രതികരിച്ചു. ആർഎസ്എസിൻ്റെ ചിഹ്നങ്ങളെ രാജ്യത്തിൻ്റെ അടയാളങ്ങളാക്കി മാറ്റാനാണ് ശ്രമം. രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറരുതെന്നും കെ. രാജൻ പ്രതികരിച്ചു. മന്ത്രിമാരുടെ മാനസികാവസ്ഥ മനസിലാക്കാൻ ഗവർണർ എവിടെയും ട്യൂഷന് പോകേണ്ട. 142 കോടി ജനങ്ങളുടെ മതേതര മനസാണ് മന്ത്രിമാരുടേത്. അതു മനസിലാക്കാൻ ഗുരുമൂർത്തിയുടെ ക്ലാസ് കേട്ടാലോ ആർഎസ്എസിൻ്റെ സ്‌റ്റഡി ക്ലാസ് കേട്ടാലോ മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT