തിരുവനന്തപുരം: തിരുമല കൗൺസിലറുടെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ച് ബിജെപി. ന്യൂസ് മലയാളത്തിന്റെയും മാതൃഭൂമിയുടെയും വനിതാ റിപ്പോർട്ടർമാരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. പൊലീസ് സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവർത്തകരുടെ കയ്യേറ്റം.
ബിജെപി നേതാവ് വി.വി. രാജേഷും സംഘർഷം നടക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നു. 24 ന്യൂസ് ക്യാമറമാൻ രാജ് കിരണിനെ ബിജെപി പ്രവർത്തകർ മർദിച്ചു. ന്യൂസ് 18, മാതൃഭൂമി, റിപ്പോർട്ടർ ടിവി എന്നീ ചാനലുകളുടെ ക്യാമറാമാൻമാർക്കും മർദനമേറ്റു. കെയുഡബ്ല്യുജെ ജില്ലാ ട്രഷറർക്ക് നേരെയും ആക്രമണമുണ്ടായി.
ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്നാണ് അനിലിന്റെ ആത്മഹത്യാക്കുറിപ്പ്. ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് മുൻപും പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിരുന്നെന്ന് പൊലീസും വ്യക്തമാക്കി.
ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വർഷത്തിലേറെയായി ഇതിൻ്റെ പ്രസിഡൻ്റ് സ്ഥാനത്താണ് അനിൽ. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകർന്നുതുടങ്ങി. എടുത്ത ലോൺ തിരിച്ചുകിട്ടാതെയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പലരും നിക്ഷേപങ്ങൾ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.
ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിന്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.