വി.മുരളീധരൻ Source: facebook
KERALA

എൽഡിഎഫ് ഭരിക്കുമ്പോൾ സ്വർണമടക്കം ആവിയാകുന്ന പ്രതിഭാസം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് രാജിവയ്ക്കണം: വി. മുരളീധരൻ

മോഷണത്തിന് സമാനമായി സ്വർണപ്പാളി സന്നിധാനത്തിന് പുറത്ത് കൊണ്ടുപോയത് എന്തിനാണെന്നും വി. മുരളീധരൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രാജിവയ്ക്കണമെന്ന് ബിജെപി. പി.എസ്. പ്രശാന്ത് സ്വയം ഒഴിഞ്ഞുപോകാൻ തയ്യാറാകണമെന്നാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം വി. മുരളീധരൻ്റെ ആവശ്യം. ആരുടെ ശുപാർശയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സ്വർണം പൂശാൻ ഏൽപ്പിച്ചതെന്നും മോഷണത്തിന് സമാനമായി സ്വർണപ്പാളി സന്നിധാനത്തിന് പുറത്ത് കൊണ്ടുപോയത് എന്തിനാണെന്നും വി. മുരളീധരൻ ചോദിച്ചു.

എൽഡിഎഫ് ഭരിക്കുമ്പോൾ സ്വർണമടക്കം ആവിയാകുന്ന പ്രതിഭാസമുണ്ടെന്നാണ് വി. മുരളീധരൻ്റെ പ്രസ്താവന. 1999 ൽ പൂശിയ സ്വർണം എങ്ങനെയാണ് ആവിയായതെന്നും ബിജെപി നേതാവ് ചോദിച്ചു. നാലുകിലോ സ്വർണം ആരാണ് മോഷ്ടിച്ചത്? ദ്വാരപാലക പീഠം പോയെന്ന് പറഞ്ഞതെന്ന് ഈ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നോ എന്നും വി. മുരളീധരൻ ചോദിച്ചു.

സ്വർണപ്പാളിയിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് വി. മുരളീധരൻ പറഞ്ഞു. ഗുരുതര വീഴ്ചയാണ് ദേവസ്വം ബോർഡിനുണ്ടായത്. പൊതുസമൂഹത്തിന് വിശ്വാസ്യതയുള്ള ജഡ്ജിയെ അന്വേഷണം ഏൽപ്പിക്കണം. അത് വിശ്വാസ സമൂഹത്തിന്റെ ആവശ്യമാണ്. ദേവസ്വം ബോർഡിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിനെതിരെയും ബിജെപി നേതാവ് വലിയ വിമർശനമുയർത്തി. പ്രതിപക്ഷത്തിൻ്റെ ആത്മാർഥതയിൽ സംശയമുണ്ടെന്നായിരുന്നു മുരളീധരൻ്റെ പ്രസ്താവന. കോടതിയുടെ പരിഗണനയിലുള്ള എസ്ഐആറിൽ പ്രതികരിക്കുന്ന പ്രതിപക്ഷം ശബരിമലയിൽ പ്രതികരിച്ചില്ല. യുവതീപ്രവേശ വിഷയം പോലെ തന്നെ കോൺഗ്രസിന് ശബരിമലയിൽ അഴകൊഴമ്പൻ നയമാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം ശബരിമല സന്നിധാനത്തെ സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഇരട്ട അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.

സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശങ്കയും നിലനിൽക്കുന്നെന്ന് കോടതി അറിയിച്ചു. അതിനാലാണ് അന്വേഷണം തുടരാനും വിശദമായ അന്വേഷണത്തിനും നിർദേശിക്കുന്നത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

SCROLL FOR NEXT