പത്തനംതിട്ട:ശബരിമലയിലെ കാണാതായ സ്വർണപീഠം കണ്ടെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡൻ്റും. ശബരിമല സ്വർണപീഠം കാണാതായതിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിക്കൂട്ടിലായിരിക്കുകയാണ്.
സ്വർണപീഠം നാലരവർഷം ഒളിപ്പിച്ചുവച്ച് ഉണ്ണികൃഷ്ണൻ എല്ലാവരെയും വിഡ്ഢികളാക്കിയെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. സ്വർണപീഠം കാണാനില്ലെന്ന പരാതിക്ക് പിന്നിൽ ഗൂഢാലോചനയും ആസൂത്രിത നീക്കവുമാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിനെ മോഷ്ടാവാക്കിയ ഉണ്ണികൃഷ്ണനെതിരെ ശക്തമായ അന്വേഷണം വേണമെന്നാണ് ദേവസ്വം പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് പറഞ്ഞു.
പീഠം കാണാനില്ലെന്ന് പറഞ്ഞതിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു. ഒളിപ്പിച്ച വയ്യ ശേഷം ഇതേ ആളിൻ്റെ വീട്ടിൽ നിന്ന് കിട്ടുന്നു. ആകെ നാടകം കളിക്കുന്നു. ഉണ്ണികൃഷ്ണനെ വിശ്വസിക്കാനാവില്ലെന്നും അയാൾ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോടതി എന്തു പറയുന്നു എന്ന് നോക്കി ബാക്കി പ്രതികരിക്കാം. പണ്ടത്തെ പോലെയുള്ള സംഭവങ്ങൾ ഇപ്പോൾ ഇല്ല. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടാകാൻ പാടില്ല. ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും മന്ത്രി വി. എൻ വാസവൻ അറിയിച്ചു.
സ്വർണപീഠം തിരിച്ചുകിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി .എസ്. പ്രശാന്ത് പറഞ്ഞു. പ്രസ്തുത കക്ഷിയുടെ കൈയിൽ ഇതുണ്ടായിരുന്നു. പിന്നെ എന്തിനാണ് ഇയാൾ കള്ളം പറഞ്ഞത്. എന്തിനാണ് ദേവസ്വം ബോർഡിൽ പഴിചാരിയത് എന്നും പ്രശാന്ത് ചോദ്യമുന്നയിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് കൃത്യം അഞ്ച് ദിവസം മുൻപ് വിവാദം വന്നു. സംഗമത്തിൻ്റെ പകിട്ട് കളയാൻ വേണ്ടിയുള്ള ആസൂത്രണം സംശയിക്കുന്നു. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും എന്തിന് വേണ്ടിയാണ് മനപൂർവം കള്ളം പറഞ്ഞതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. എല്ലാം കോടതി തീരുമാനിക്കട്ടെയെന്നും, വീഡിയോ ചിത്രീകരണം ഉൾപ്പെടെയാണ് ഇത് ബോർഡ് കൈകാര്യം ചെയ്തത്. ഇക്കാര്യം അടപടലം അന്വേഷിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.