തൃശൂർ: കലുങ്ക് സംവാദത്തിലെ വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിക്കുള്ളിൽ വിമർശനം ശക്തം. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ആശങ്ക. രാഷ്ട്രീയ പക്വതയയും വിവേകവുമില്ലാത്ത മറുപടികൾ പാർട്ടിയെ ബാധിച്ചേക്കുമെന്നും വിലയിരുത്തൽ. പിആർ ഏജൻസികളുടെ സഹായത്തോടെ നടത്തുന്ന പരിപാടി ഉപേക്ഷിക്കണമെന്നും ഒരു വിഭാഗം.
ജില്ലയിലെ മൂന്ന് ജില്ലാ കമ്മിറ്റികളും ഭാരവാഹികളും ഒന്നടങ്കം അഭിപ്രായപ്പെടുന്നത് സുരേഷ് ഗോപി മാതൃകാപരമായി നടപ്പിലാക്കേണ്ട പരിപാടിയിലാണ് വിവാദങ്ങൾ ഉണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. കലുങ്ക് സൗഹാർദ സംവാദമെന്ന നിലയിൽ തൃശൂർ പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജനകീയ ചർച്ചകളും സംവാദപരിപാടികളും നടത്തി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനായിരുന്നു പ്രാഥമിക ധാരണയുണ്ടായിരുന്നത്. പ്രധാനമന്ത്രി നടത്തി വരുന്ന ചായ് പെ ചർച്ചയുടെ അതേ മാതൃകയിൽ സ്വന്തം മണ്ഡലത്തിൽ നടപ്പാക്കാൻ സുരേഷ് ഗോപി സ്വന്തം താൽപര്യപ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പിആർ ഏജൻസികളുടെ സഹായവും ഉപദേശവുമൊക്കെ ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചപ്പോൾ ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് വലിയ താൽപര്യവും ഉണ്ടായിരുന്നു. പ്രാദേശിക കമ്മിറ്റികൾക്ക് ചുമതല നൽകിയാണ് ഇത്തരത്തിൽ സംവാദ സദസുകൾ സംഘടിപ്പിച്ചിരുന്നത്.
എന്നാൽ, സദസ് രണ്ട് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഉയർന്നുവരുന്ന കുപ്രചാരണമാണ് ബിജെപി നേതൃത്വത്തെ ആശങ്കയിലും നിരാശയിലുമാഴ്ത്തുന്നത്. പരിപാടിയിൽ തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന് ജില്ല ഘടകങ്ങൾക്ക് ആശങ്കയുണ്ട്. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളെ കുറിച്ച് പുറത്ത് വരുന്നത് നെഗറ്റീവ് പബ്ലിസിറ്റി മാത്രമെന്നും അഭിപ്രായമുണ്ട്. തൃശൂർ സിറ്റി - വെസ്റ്റ് - സൌത്ത് ജില്ല കമ്മറ്റികൾക്ക് വിവാദ പരിപാടിയോട് വിയോജിപ്പുണ്ടെങ്കിലും മന്ത്രിയെ ഇക്കാര്യം അറിയിക്കാനാവാത്തതും പ്രതിസന്ധിയുണ്ട്. ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ ഇടപെടുത്തി സുരേഷ് ഗോപിയോട് സംസാരിക്കാനും ഒരു വിഭാഗത്തിന്റെ ആലോചനയുണ്ട്.