എ.എൻ. രാധാകൃഷ്ണൻ Source: facebook
KERALA

പാതിവില തട്ടിപ്പ് കേസ്: ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെ പ്രതി ചേർക്കില്ല

കേസിൽ രണ്ട് മാസത്തിനകം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെ പ്രതി ചേർക്കില്ല. എ.എൻ. രാധാകൃഷ്ണനെ ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തു. കേസിൽ രണ്ട് മാസത്തിനകം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും.

എ.എൻ. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൈൻ സൊസൈറ്റി പ്രതി അനന്തു കൃഷ്ണന് 45 കോടി രൂപ നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസം മുൻപ് എ.എൻ. രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. എന്നാൽ തട്ടിപ്പാണെന്ന് അറിയാതെയാണ് പണം നൽകിയത് എന്നും സാമൂഹിക സേവനം ആണെന്നാണ് മനസ്സിലാക്കിയത് എന്നുമായിരുന്നു എ.എൻ. രാധാകൃഷ്ണന്റെ മൊഴി. രാധാകൃഷ്ണനെതിരെ കൂടുതൽ തെളിവുകൾ കിട്ടാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് തൽക്കാലം പ്രതി ചേർക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്.

കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ ആകെ 1256 കേസുകളാണ് പാതിവില തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത്. ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ എത്തിയത് 490 കോടി രൂപയാണ്. 485 കോടി രൂപയുടെ ഇടപാടുകൾ നടത്തി. 200 കോടിയോളം ആദ്യ ഘട്ട സ്കൂട്ടർ - ലാപ്ടോപ് വിതരണത്തിന് ചെലവാക്കി. ഭൂമിയും കാറുകളും വാങ്ങാനും ആഡംബര ജീവിതത്തിനും ഓഫീസ് നടത്തിപ്പിനുമായി ബാക്കി തുക ഉപയോഗിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

ആറ് കമ്പനികളാണ് അനന്തുകൃഷ്ണന്റെ പേരിൽ ഉള്ളത്. ഓരോ കമ്പനിയുടെയും പേരിൽ അഞ്ചും മൂന്നും ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഓരോ അക്കൗണ്ടിലും നടന്നത് കോടികളുടെ ഇടപാടുകളാണ്. അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ നാല് കോടി 25 ലക്ഷം രൂപയാണ് ബാക്കി ഉള്ളത്. 33,000 പേർക്ക് സ്കൂട്ടർ കിട്ടാനുണ്ടെന്നും 6000 പേർക്ക് ലാപ്ടോപ്പും 3000 പേർക്ക് തയ്യൽ മെഷീനും 11000 പേർക്ക് ഹോം അപ്ലയൻസസും കിട്ടാനുണ്ട് എന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി.

SCROLL FOR NEXT