ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ നീക്കം 
KERALA

ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി നീക്കം; രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചു

ശ്രീലേഖയുടെ രാജി പിൻവലിക്കാനുള്ള നീക്കവുമായി ബിജെപി നേതൃത്വം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതിസന്ധിയിലായി ബിജെപി നേതൃത്വം. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള നീക്കം ബിജെപി നേതൃത്വം ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ശ്രീലേഖ ആശയവിനിമയം നടത്തിയതായാണ് വിവരം.

അതിനിടെ അസൗകര്യങ്ങൾ സൂചിപ്പിച്ച് കൊണ്ടുള്ള ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. രാഷ്ട്രീയ സമ്മർദം ഉള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്നാണ് പറയുന്നതെന്നും മേയർ കൂട്ടിച്ചേർത്തു.

അതേ സമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. നിലവിൽ ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത് സ്വതന്ത്ര പിന്തുണയോടെയാണ്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളാണ് ബിജെപിയ്ക്ക് ഉള്ളത്. ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. ശ്രീലേഖ രാജി വച്ചതോടെ 49 ലേക്ക് ചുരുങ്ങും. ഇതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകും.

SCROLL FOR NEXT