KERALA

പുതിയ കാഴ്ചപ്പാടുള്ള പാർട്ടി ബിജെപിയാണ്, മുന്നണി എൻഡിഎയും; 140 സീറ്റിൽ മത്സരിക്കുന്നത് ജയിക്കാനാണെന്ന് രാജീവ് ചന്ദ്രശേഖർ

വികസനത്തെ പിന്തുണക്കുന്നവർ വരുമ്പോൾ റെഡ് കാർപ്പറ്റ് വിരിച്ച് സ്വീകരിക്കും. ബിജെപി വാതിൽ തുറന്നിട്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിനു പിറകെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 40 സീറ്റിൽ മത്സരിക്കുന്നത് ജയിക്കാനാണെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ നാടിന് മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.അതിന് വേണ്ടിയാണ് ബിജെപിയുടെ മത്സരമെന്നും കൂട്ടിച്ചേർത്തു.

പുതിയ കാഴ്ചപ്പാടുള്ള പാർട്ടി ബിജെപിയും മുന്നണി എൻഡിഎയുമാണെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ബാക്കിയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ജയിക്കുന്ന സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നത്.സിപിഎമ്മും കോൺഗ്രസും രണ്ടല്ല, ഒന്നാണ്. രണ്ടുപേരും ഒരുമിച്ച് അന്തർധാരയിലൂടെ ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു.ശബരിമല സ്വർണക്കൊള്ളയിലും ഇരുവർക്കും പങ്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

മറ്റ് പാർട്ടികളിൽ നിന്ന് ഒരുപാട് പേര് ബിജെപിയിലേക്ക് വരുന്നുണ്ട്. സിസി മുകുന്ദൻ ഇന്ന് പാർട്ടിയിലേക്ക് വന്നു. വികസനത്തെ പിന്തുണക്കുന്നവർ വരുമ്പോൾ റെഡ് കാർപ്പറ്റ് വിരിച്ച് സ്വീകരിക്കും. ബിജെപി വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിന് പിറകെ പ്രതികരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. ബിജെപിയിലേക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കൾ കടന്നു വരുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഇടതു വലതു മുന്നണികൾ പാടെ അവഗണിച്ച മഞ്ചേശ്വരത്തിന്റെ വികസനം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അടിസ്ഥാന വികസനം യാതൊന്നും നടക്കാത്ത മണ്ഡലമാണ് മഞ്ചേശ്വരം ഇനിയും ഇത് ഇവിടുത്തെ ജനങ്ങൾ സഹിക്കുമെന്ന് തോന്നുന്നില്ല.വർഗീയ കൂട്ടുകെട്ടുകളും രാഷ്ട്രീയ ഗൂഢാലോചനകളും കൊണ്ട് ബിജെപിയെ തകർക്കാനാവില്ല.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യക്ക് സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ പോലും പ്രതിഷേധവുമായി രംഗത്തുവരുന്ന സാഹചര്യമുണ്ട് ഇത് സിപിഎം നൈതികതയ്ക്ക് ചേർന്നതല്ല.മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥി എന്ന നിലയിൽ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

SCROLL FOR NEXT