KERALA

"സംഭവിച്ചത് നാക്കു പിഴ, റെയ്ഡിന് മുതിർന്നാൽ ഒരു കോൺഗ്രസുകാരനെയും വീട്ടിൽ കിടത്തി ഉറക്കില്ല"; ഭീഷണിയുമായി ബി. ഗോപാലകൃഷ്ണൻ

അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശത്തിൽ ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനായി വ്യാപക തെരച്ചിൽ

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ചാനൽ ചർച്ചക്കിടെ പ്രിൻ്റു മഹാദേവ് രാഹുൽ ഗാന്ധിക്കുനേരെ വധഭീഷണി ഉയർത്തിയതിൽ പ്രതിഷേധിച്ച കോൺഗ്രസിനെ വീണ്ടും ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. ഈ കേസിന്റെ പേരിൽ ബിജെപിയെ റെയ്ഡ് ചെയ്യാൻ വന്നാൽ ഒരു കോൺഗ്രസുകാരനെയും വീട്ടിൽ കിടത്തി ഉറക്കില്ല എന്നായിരുന്നു ഭീഷണി. നാക്കു പിഴവിനെ നാക്ക് പിഴവായി കാണണമെന്നും ബിജെപി നേതാവ് പറഞ്ഞു.

നാക്ക് പിഴവിന് കേസെടുക്കുകയാണെങ്കിൽ രാഹുൽഗാന്ധിക്കെതിരെയും കേസെടുക്കണം. വി.ഡി. സതീശനെതിരെയും, പിണറായി വിജയനെതിരെയും കേസെടുക്കണം. പ്രിൻ്റു മഹാദേവിനെ പാർട്ടി വക്താവ് സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്. കോൺഗ്രസുകാർ അല്ലാതെ ഈ വിഷയത്തിൽ തിളയ്ക്കണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. നേപ്പാളിലെയും ബംഗ്ലാദേശിലെയും പോലെ ഇന്ത്യയിലും ബിജെപി നേതാക്കളെ അടിച്ചോടിക്കണം എന്നുപറഞ്ഞ അരുന്ധതി റോയ്ക്കെതിരെ കേസെടുക്കാൻ പിണറായി വിജയന് സാധിക്കുമോ? നേപ്പാളിലെ പോലെ ഇന്ത്യയിലും കലാപമുണ്ടാക്കണം എന്നു പറഞ്ഞ അരുന്ധതി റോയ്ക്കെതിരെ കേസെടുക്കണം. മര്യാദ ഇല്ലെങ്കിൽ ചാണക വെള്ളവും ചൂലും വീട്ടിലുണ്ടെന്നും ബി. ഗോപാലകൃഷ്ണൻ ഓർമിപ്പിച്ചു.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശത്തിൽ ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനായി വ്യാപക തെരച്ചിൽ. തൃശൂരിലെ ബിജെപി നേതാക്കളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ബിജെപി നേതാവ് സുരേന്ദ്രൻ ഐനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ വാർത്താ ചാനലിൽ നടന്ന ചർച്ചയിലാണ് രാഹുൽ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് വധഭീഷണി മുഴക്കിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രിൻ്റു മഹാദേവിന് എതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു തെരച്ചിൽ നടത്തിയത്.

തെരച്ചിലിനു പിന്നാലെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി തൃശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ‘പ്രിന്റു മാഷിനെ വിട്ടുതരില്ല, സംരക്ഷിക്കും’ എന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷോധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവനെതിരെ കോൺഗ്രസ് നിയമനടപടിസ്വീകരിച്ചിരുന്നു. ഗോഡ്സെയുടെ പിന്തുടർച്ചക്കാർ മാധ്യമങ്ങളിൽ ഇരുന്ന് ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. ബിജെപി നേതാവിനെതിര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിലും ആഞ്ഞടിച്ചിരുന്നു.

SCROLL FOR NEXT