ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന സിപിഐ നേതാവ് പി കെ ചാത്തൻ മാസ്റ്ററുടെ അനുസ്മരണം സംഘടിപ്പിക്കാൻ ബിജെപി. ദളിത് വിഭാഗത്തെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ തന്നെ പരിപാടിയിൽ എത്തിക്കാനാണ് ആലോചന.
കേരളത്തിലെ ഇടതു-വലതു പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന പ്രചാരണത്തിനാണ് ബിജെപി തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായാണ് സിപിഐ നേതാവും ഇഎംഎസ് മന്ത്രിസഭയിലെ അംഗവുമായരുന്ന പി.കെ. ചാത്തൻ മാസ്റ്ററുടെ അനുസ്മരണം നടത്താനുള്ള നീക്കം. കെപിഎംഎസിന്റെ സ്ഥാപക നേതാവ് കൂടിയായ ചാത്തൻ മാസ്റ്ററെ ഇടതു പാർട്ടികൾ പോലും അവഗണിച്ചുവെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നു. ചാത്തൻ മാസ്റ്ററെ പോലെ മറ്റ് ദളിത് പിന്നാക്ക നേതാക്കളുടെ അനുസ്മരണങ്ങളും നടത്താനാണ് തീരുമാനം.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഈയാഴ്ച കേരളത്തിൽ എത്തുമെന്നാണ് കരുതിയിരുന്നത്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് പരിപാടി നടത്താനായിരുന്നു നീക്കം. ദേശീയ അധ്യക്ഷനെ തന്നെ പരിപാടിയിൽ എത്തിക്കാനാണ് ബിജെപി സംസ്ഥാന നേതാക്കൾ ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ മറ്റേതെങ്കിലും പ്രധാനപ്പെട്ട നേതാവാകും പങ്കെടുക്കുക. ബിജെപി ഇപ്പോൾ നടത്തുന്ന ക്രിസ്ത്യൻ ഔട്ട് റീച്ചിന് പുറമെയാണ് ദളിത് ഔട്ട് റീച്ചിനുള്ള നീക്കം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രിയാണ് ചാത്തൻ മാസ്റ്റർ. ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യം എംഎൽഎയായ ചാത്തൻ മാസ്റ്റർ, രണ്ട് തവണ കിളിമാനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.