KERALA

"ബിഎൽഒ ജീവനൊടുക്കാൻ കാരണം ജോലി സമ്മർദം അല്ല"; ആരോപണം നിഷേധിച്ച് ജില്ലാ കളക്ടർ

ജോലിയുമായി ബന്ധപ്പെട്ട് ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും ആവശ്യമായ എല്ലാ സഹകരണവും നൽകിയിരുന്നെന്നും കളക്ടർ വിശദീകരിച്ചു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിലെ ബിഎൽഒ അനീഷ് മരിക്കാൻ കാരണം എസ്ഐആർ ജോലി സമ്മർദം അല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ. എസ്ഐആർ ജോലിയും ബി എൽഒയുടെ മരണവുമായി ബന്ധമുള്ളതായി നിലവിൽ സ്ഥിരീകരമൊന്നും ലഭിച്ചിട്ടില്ല.

ജോലിയുമായി ബന്ധപ്പെട്ട് ഒരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും ആവശ്യമായ എല്ലാ സഹകരണവും നൽകിയിരുന്നെന്നും കളക്ടർ വിശദീകരിച്ചു. വിതരണം ചെയ്യാൻ ബാക്കിയുള്ള 240 എന്യുമറേഷൻ ഫോമുകൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ബന്ധപ്പെട്ടവർ ചോദിച്ചിരുന്നു. എന്നാൽ ആവശ്യമില്ലെന്ന് ആയിരുന്നു അനീഷ് മറുപടി നൽകിയതെന്നും കളക്ടർ അറിയിച്ചു.

പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ്(44) ആണ് മരിച്ചത്. എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. മകൻ്റെ മരണകാരണം എസ്ഐആർ ജോലി സമ്മർദം ആണെന്നും, മരണത്തിൽ ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനായി നടക്കുകയായിരുന്നു. അവൻ്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെൻഷൻ കൊണ്ടാണ് ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.

അതേസമയം, അനീഷിൻ്റെ മരണത്തെ തുടർന്ന് നാളെ ബിഎൽഒമാർ പണിമുടക്കും. ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ട്രേറ്റുകളിലേക്കും നാളെ പ്രതിഷേധ മാർച്ചും നടത്തും. എൻജിഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധ്യാപക സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരും. ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്നും എൻജിഒ യൂണിയൻ ആരോപിച്ചു.

SCROLL FOR NEXT