കണ്ണൂര്‍: 'ചോരയ്ക്ക് ചോര' എന്ന് 'മുഖ്യമന്ത്രി വി.ഡി. സതീശന് കണ്ണൂരില്‍ പ്രസംഗിച്ചുവെന്നത് വ്യാജമാണെന്നും ഈ വ്യാജ പ്രചാരണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്കി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് കണ്ണൂര്‍ ഡി.ഐ.ജി ക്ക് പരാതി നല്‍കിയത്.
നവംബര്‍ 20ന് കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പൊതുയോഗത്തില്‍ 'ചോരയ്ക്ക് ചോര' എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്നാണ് പരാതിയില്‍ അവകാശപ്പെടുന്നത്. ഇടത് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന പ്രചാരണം പൊതുജനങ്ങള്‍ക്കിടയിലും രാഷ്ടീയ പ്രവർത്തകർക്കിടയിലും തെറ്റിദ്ധാരണയും ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണെന്നാണ് പരാതിയിലുള്ളത്.
ബിഎന്‍എസ് സെക്ഷന്‍ 353 അനുസരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഭീതിയോ അസ്വസ്ഥതേയാ ഉണ്ടാക്കുകയോ, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്തുകയോ ചെയ്യുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രസ്താവനകളും പചരിപ്പിക്കുന്നതിനും ബിഎന്‍എസ് സെക്ഷന്‍ 356, ഐടി ആക്ട് എന്നിവ പ്രകാരം വസ്തുതകള്‍ വളച്ചൊടിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും നടത്തുന്നത് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
വിവിധ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിഷയാസ്പദമായി വന്ന വാര്‍ത്തകളുടെ ലിങ്കുകളും സ്ക്രീന്‍ഷോട്ടുകളും സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.