Source: News Malayalam 24x7
KERALA

IMPACT | പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രക്തസമ്മർദത്തിനുള്ള മരുന്ന് വിതരണം തടഞ്ഞു; ഗുണനിലവാരം പരിശോധിക്കുമെന്ന് കെഎംഎസ്‌സിഎൽ

കുടുംബാരോഗ്യ കേന്ദ്രത്തിലെ മെറ്റൊ പ്രൊലൊൽ ഗുളികകളുടെ വിതരണമാണ് തടഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതാണെന്ന പരാതിയെ തുടർന്ന് വിതരണം തടഞ്ഞു. ഗുളികകളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചു. റബർ പോലെ വളയുന്ന ഗുളിക കഴിച്ചത് മുതൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് രോഗികൾ പരാതിപ്പെട്ടിരുന്നു. അസുഖം മൂർച്ഛിച്ചതോടെയാണ് ഗുളികകൾ പരിശോധിച്ചതെന്നും അവർ വ്യക്തമാക്കി.

രോഗികളിൽ അസ്വസ്ഥത ഉണ്ടാക്കിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെറ്റൊ പ്രൊലൊൽ ഗുളികകളുടെ വിതരണം തടഞ്ഞത്. ഗുളികകളുടെ എല്ലാ ബാച്ച് നമ്പറുകളുടെ വിതരണവും തടഞ്ഞിട്ടുണ്ട്.

ഗുളിക കഴിച്ച പലർക്കും രക്തസമ്മർദം കുറയാതായതോടെയാണ് ഗുളികകൾക്ക് ഗുണനിലവാരമില്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പകുതിയാക്കി കഴിക്കാൻ ശ്രമിച്ചപ്പോൾ ഗുളിക റബ്ബർ പോലെ വളയുന്നതായി ശ്രദ്ധയിൽ പെട്ടു. ഗുളികയ്ക്ക് റബ്ബർ മണവുo അനുഭവപ്പെടുന്നുണ്ട്. ഗുളിക കഴിച്ച പലർക്കും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടു.വെള്ളത്തിൽ ഇട്ട് പരിശോധിച്ചപ്പോഴും ഗുളിക അലിയുന്നുണ്ടായിരുന്നില്ല. ക്ലാപ്പന പ്രാഥമിക കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മാത്രം 30000 ഗുളികളാണ് ഇത്തരത്തിൽ എത്തിയത്.

SCROLL FOR NEXT