സൂരജ് ലാമ Source: Screengrab
KERALA

കളമശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാഫലം

മൃതദേഹം സൂരജ് ലാമയുടേതെന്ന് തിരിച്ചറിഞ്ഞുവെന്നും കേരളത്തിൽ തന്നെ സംസ്കാരം നടത്തുമെന്നും മകൻ സാൻ്റൻ ലാമ.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കുവൈറ്റിൽ നിന്ന് നാടുകടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ചെന്ന് സ്ഥിരീകരണം. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്. കളമശേരിയിൽ എച്ച്എംടി പ്രദേശത്ത് കണ്ടെത്തിയ മ്യതദേഹം ലാമയുടേതെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. പരിശോധാഫലം പൊലീസ് കോടതിക്ക് കൈമാറി.

മൃതദേഹം സൂരജ് ലാമയുടേതെന്ന് തിരിച്ചറിഞ്ഞുവെന്നും കേരളത്തിൽ തന്നെ സംസ്കാരം നടത്തുമെന്നും മകൻ സാൻ്റൻ ലാമ പ്രതികരിച്ചു. സംസ്കാരം മൃതദേഹം വിട്ടുകിട്ടുന്നതനുസരിച്ച് തീരുമാനിക്കുമെന്നും സാൻ്റൻ ലാമ പറഞ്ഞു.

കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തനിരയായതിനു പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.

കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് മെട്രോ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് കഴിഞ്ഞ് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെയാണ് മറവിരോഗമുള്ള സൂരജ് ലാമയെ കാണാതായത്.

സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻ്റൻ ലാമ രംഗത്തെത്തിയിരുന്നു. തുടർന്ന് സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

SCROLL FOR NEXT