തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻ മണ്ണ് വാടയിൽ വീട്ടിൽ തോമസ് (37) ആണ് മരിച്ചത്.
മുതലപ്പൊഴി താഴംപള്ളിയ്ക്ക് സമീപത്തെ കായലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം സംഭവിച്ചത്.
താഴംപള്ളി ലേല ഹാളിന് സമീപം കായലിൽ മത്സ്യവിൽപനയ്ക്ക് ശേഷം വള്ളം വൃത്തിയാക്കാനായി പോയതായിരുന്നു തോമസ്. അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ഇയാൾ ജോലിക്കെത്തിയത്. ജോലി ചെയ്യുന്നതിനിടെ തോമസ് വള്ളത്തിൽനിന്ന് കായലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്‌കൂബ സംഘവും മത്സ്യത്തൊഴിലാളികളും ഒരു മണിക്കൂറിലധികം തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ലേല ഹാളിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.