KERALA

കോഴിക്കോട് വിജിൽ നരഹത്യാ കേസ്: സരോവരത്തെ ചതുപ്പിൽ നിന്ന് വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികൾ കണ്ടെത്തി

പ്രതകൾ മൊഴി നൽകിയ സ്ഥലത്താണ് തെരച്ചിൽ നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിജിൽ നരഹത്യാക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പല്ല്, നട്ടെല്ല് എന്നിവയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ചതുപ്പിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. പ്രതകൾ മൊഴി നൽകിയ സ്ഥലത്താണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ തുടങ്ങി ഏഴാമത്തെ ദിവസമാണ് മൃതദേഹവിശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ല് കണ്ടെത്തിയിരുന്നു.

അമിത ലഹരി ഉപയോഗത്തെ തുടർന്ന് വിജിൽ മരിക്കുകയും തുടർന്ന് സുഹൃത്തുക്കളായ പ്രതികൾ ചേർന്ന് കുഴിച്ചിടുകയും ചെയ്തു എന്ന് മൊഴി നൽകിയതിനെ തുടർന്നതിനാലാണ് സരോവരത്തെ ചതുപ്പിൽ പരിശോധന നടത്തിയത്. വിജിൽ സ്വയം നാടുവിട്ടു പോയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനായി വിജിലിൻ്റെ ഇരുചക്ര വാഹനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. പിന്നാലെ നടത്തിയ തെളിവെടുപ്പിൽ വിജിലിൻ്റെ ബൈക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2019 മാർച്ച്‌ 24 മുതലാണ് വിജിലിനെ കാണാതാകുന്നത്. കേസിൽ വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വെങ്ങേരി സ്വദേശി ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്.

2019ല്‍ പ്രതികളും വിജിലും ചേർന്ന് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചു. ലഹരി അമിതമായി ഉപയോഗിച്ചത് മൂലം വിജില്‍ അവിടെ വെച്ച് മരിക്കുകയും ഉടന്‍ തന്നെ യുവാവിൻ്റെ ദേഹത്ത് കരിങ്കല്ല് കെട്ടിക്കൊണ്ട് ഒരു ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കേസിൽ വിജിലിനെ കാണിനില്ലെന്ന് പറഞ്ഞുകൊണ്ട് പിതാവ് നേരത്തെ തന്നെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

SCROLL FOR NEXT