യുവതിക്ക് ആൺസുഹൃത്തിന്റെ അതിക്രൂര മർദനം Source: News Malayalam 24X7
KERALA

ബെല്‍റ്റിനടിച്ചും പൊള്ളിച്ചും പീഡനം, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; യുവതിക്ക് ആൺസുഹൃത്തിന്റെ അതിക്രൂര മർദനം, അന്വേഷണം പാതി വഴിയിൽ

ആദ്യം സന്തോഷകമായി മുന്നോട്ട് പോയ ജീവിതത്തില്‍ യുവതിയുടെ സുഹൃത്തുക്കളെ അടക്കം ചേര്‍ത്ത് ജിതിന്‍ഷാ സംശയ കഥകള്‍ മെനഞ്ഞ് തുടങ്ങി. പിന്നീട് കൊടിയ മർദനത്തിന്‍റെ നാളുകള്‍.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചിരുന്ന യുവതിക്ക് ആൺസുഹൃത്തിന്‍റെ അതിക്രൂര മർദനം. യുവതിയുടെ അരയ്ക്ക് താഴെ ബെൽറ്റിനടിച്ച് മുറിവേൽപ്പിക്കുകയും ദ്രാവകം ഒഴിച്ച് പൊള്ളിക്കുകയും ചെയ്തു. നെടുമങ്ങാട് പത്താംകല്ല് സ്വദേശി ജിതിൻഷായ്ക്ക് എതിരെയാണ് കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി. എന്നാല്‍ കമ്മീഷണർ ഓഫീസിലടക്കം പരാതി നൽകിയിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് യുവതി ആരോപിക്കുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്പോഴാണ് യുവതിയും ജിതിൻഷായും അടുപ്പത്തിലാകുന്നത്. വിവാഹം ചെയ്യാമെന്ന ഉറപ്പില്‍ ഒരുമിച്ച് താമസം ആരംഭിച്ചു. ആദ്യം സന്തോഷകമായി മുന്നോട്ട് പോയ ജീവിതത്തില്‍ യുവതിയുടെ സുഹൃത്തുക്കളെ അടക്കം ചേര്‍ത്ത് ജിതിന്‍ഷാ സംശയ കഥകള്‍ മെനഞ്ഞ് തുടങ്ങി. പിന്നീട് കൊടിയ മർദനത്തിന്‍റെ നാളുകള്‍.

സംശയം തുടങ്ങിയതോടെയാണ് മർദനം തുടങ്ങിയതെന്ന് പരാതിക്കാരി പറയുന്നു. ശാരീരിക മർദനത്തിന് പുറമേ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങൾ വാട്ആപ്പിൽ അയച്ചുനൽകി തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. പേട്ട പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയത്.

കേസ് എടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോയില്ല. പിന്നാലെ കമ്മീഷണർ ഓഫീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. ജിതിൻഷായുടെ കുടുംബവും പ്രാദേശിക സിപിഎം നേതാക്കളും ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്നും പരാതിക്കാരി പറയുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നും ജിതിൻഷാ ഒളിവിലാണെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

SCROLL FOR NEXT