ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ തീരുവ അമേരിക്ക 50 ശതമാനമായി വർധിപ്പിച്ചതിലൂടെ പ്രതിസന്ധിയിലാകുന്നത് രാജ്യത്തെ സമുദ്രോൽപ്പന്ന മേഖലയാണ്. ആന്ധ്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സ്യം കയറ്റുമതി ചെയ്യുന്നത് കേരളമാണ്. ബദൽ വിപണി കണ്ടെത്തിയില്ലെങ്കിൽ മേഖലയ്ക്ക് 50,000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക.
ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോത്പന്ന വിപണി അമേരിക്കയാണ്. രാജ്യത്തെ 60,000 കോടി വരുന്ന സമുദ്ര വിഭവ കയറ്റുമതിയുടെ 40 ശതമാനവും ചെന്നെത്തുന്നതും യുഎസ് സിലേക്കാണ്. കയറ്റുമതിയിൽ ചെമ്മീനാണ് മുൻപന്തിയിലുള്ളത്. കഴിഞ്ഞവർഷം മാത്രം 23 ലക്ഷം ഡോളറിൻ്റെ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഇതിനാൽ തീരുവയിലുണ്ടായ പ്രഹരം രണ്ട് കോടി ചെമ്മീൻ കർഷകരേയും അനുബന്ധ തൊഴിലാളികളേയും നേരിട്ട് ബാധിക്കും.
ആന്ധ്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് യുഎസിലേക്ക് കൂടുതൽ മത്സ്യം കയറ്റുമതി ചെയ്യുന്നത്. യുഎസിന് പകരം ബദൽ വിപണി കണ്ടെത്തുന്നതും പ്രയാസകരമാണ്. 50 ശതമാനമെന്ന നിരക്കിൽ മാറ്റമില്ലെങ്കിൽ മേഖല വലിയ പ്രതിസന്ധിയിലേക്ക് കടക്കും. ഇക്വഡോർ, വിയറ്റ്നാം, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങൾ നിലവിലെ സാഹചര്യം മുതലാക്കി കൂടുതൽ സമുദ്രാൽപന്നങ്ങൾ യു.എസിലേക്ക് എത്തിക്കും. ഇതോടെ ഇന്ത്യയുടെ മേൽക്കോയ്മയും നഷ്ടമാകും. യു എസിൻ്റെ തീരുവ തുടരുകയാണെങ്കിൽ ഇന്ത്യ മറ്റ് വിപണികൾ തേടേണ്ടി വരും.