ഗബ്രിയേല്‍ റോഡ്രിഗ്‌സും, ഭാര്യ ലൂക്കാസ് ഡസില്‍വയും 
KERALA

ലഹരി ഗുളികകള്‍ വിഴുങ്ങിയ ബ്രസീലിയന്‍ ദമ്പതികള്‍ മുമ്പും കേരളത്തിലെത്തി; ഇതുവരെ പുറത്തെടുത്തത് 70 ഓളം ഗുളികകള്‍

ഒരാള്‍ മാത്രം 50 ഓളം ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലഹരി ഗുളികകള്‍ വിഴുങ്ങിയെത്തിയ ബ്രസീലിയന്‍ ദമ്പതികളെ കൊച്ചിയില്‍ എത്തിച്ചത് അന്തര്‍ ദേശീയ ലഹരി കാര്‍ട്ടലിന്റെ സംഘങ്ങള്‍ എന്ന് പൊലീസ്. കേരളത്തില്‍ എത്തിക്കുന്ന കൊക്കെയ്ന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ദമ്പതികളായ ഗബ്രിയേല്‍ റോഡ്രിഗ്‌സും, ഭാര്യ ലൂക്കാസ് ഡസില്‍വയും മുന്‍പും കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

കേരളത്തില്‍ ഇവരെ സഹായിച്ചിരുന്ന സംഘത്തെ കണ്ടെത്താനും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നീക്കം തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയന്‍ ദമ്പതികള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്.

ഒരാള്‍ മാത്രം 50 ഓളം ക്യാപ്‌സ്യൂളുകള്‍ വിഴുങ്ങിയിരുന്നു. ഗുളികകള്‍ പുറത്തെടുക്കാന്‍ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊക്കയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകളാണ് ഗുളികകളാക്കി വിഴുങ്ങിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ സംഘം ദമ്പതികളെ പരിശോധിച്ചത്. എന്നാല്‍ ഇവരുടെ ശരീരത്തിലോ ബാഗില്‍ നിന്നോ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് വയറ്റിനുള്ളില്‍ ഗുളികകള്‍ കണ്ടെത്തിയത്. ഇതോടെ, ഇരുവരേയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ എഴുപതോളം ഗുളികകള്‍ പുറത്തെടുത്തു.

SCROLL FOR NEXT