KERALA

പൂട്ടു പൊളിച്ച് അകത്തു കയറി; കൊച്ചിയില്‍ എക്‌സൈസ് സംഘം വീടുമാറി പരിശോധനയ്‌ക്കെത്തിയത് യുവതി ഒറ്റയ്ക്കുള്ള വീട്ടില്‍

എക്‌സൈസ് സംഘം വീടിന്റെ പൂട്ട് തകര്‍ത്തെന്നും ജനല്‍ പൊളിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: യുവതി ഒറ്റയ്ക്കുള്ള വീട്ടില്‍ വീട് മാറി പരിശോധനയ്ക്ക് എത്തി എക്‌സൈസ് സംഘം. പുലര്‍ച്ചെ നാലരയ്ക്കാണ് എക്‌സൈസ് സംഘം എത്തിയത്. എക്‌സൈസ് സംഘം വീടിന്റെ പൂട്ട് തകര്‍ത്തെന്നും ജനല്‍ പൊളിക്കാന്‍ ശ്രമിച്ചെന്നും പരാതി.

എക്‌സൈസ് ആണെന്ന് പോലും അറിയിക്കാതെ ആയിരുന്നു റെയ്ഡ്. സ്ത്രീ ഒറ്റയ്ക്കുള്ള സമയത്താണ് പുലര്‍ച്ചെ പൂട്ടു പൊളിച്ചും ജനല്‍ പൊളിച്ചും എത്തിയതെന്ന് കുടുംബം ആരോപിച്ചു.

എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടുന്നതിനായാണ് എത്തിയതെന്നാണ് എക്‌സൈസ് സംഘത്തിന്റെ വാദം. രാവിലെ എട്ട് മണി മുതല്‍ തന്നെ ഈ സംഘം വീടിനോട് ചേര്‍ന്ന് പലയിടങ്ങളിലായി കാത്തുനില്‍ക്കുന്നുണ്ട്. രാത്രി 12 മണിയോടെ വീട് വളയുകയും പുലര്‍ച്ചെയോടെ വീട്ടിലെ പൂട്ട് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിക്കുകയുമായിരുന്നു.

ഹാര്‍ബറില്‍ ജോലിക്ക് പോകുന്ന ഭര്‍ത്താവ് മുന്‍വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. യുവതിക്ക് പിന്‍വാതിലിലൂടെ പുറത്ത് പോവുകയും ചെയ്യാം. ജോലി കഴിഞ്ഞ് പുലര്‍ച്ചെ വരുമ്പോള്‍ ഭാര്യയെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതിനായാണ് പുറത്ത് നിന്ന് പൂട്ടി പോയിരുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്.

എന്നാല്‍ നാല് മണിയോടുകൂടി പൂട്ട് തല്ലിപ്പൊളിച്ച് എക്‌സൈസ് സംഘം വീട്ടില്‍ കയറുകയായിരുന്നു. ആരാണ് എന്ന് ചോദിക്കുമ്പോഴും യുവതിക്ക് എക്‌സൈസ് സംഘം കൃത്യമായ മറുപടി നല്‍കുന്നില്ല. ഇതേതുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിളിക്കുകയും തുടര്‍ന്ന് എത്തിയതിന് ശേഷം നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് എക്‌സൈസ് സംഘത്തിന്റെ നടപടിയെ ചോദ്യം ചെയ്തത്. സംഭവത്തില്‍ കുടുംബം സ്ഥലം എംഎല്‍എയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT