Source: Screengrab
KERALA

റോഷി അഗസ്റ്റിനുമായി സഹോദരതുല്യ ബന്ധം, സ്ഥാനാർഥിത്വം ചർച്ചയായത് പാർട്ടി ചെയർമാൻ എന്ന നിലയിൽ: ജോസ് കെ. മാണി

റോഷി അഗസ്റ്റിൻ പറഞ്ഞത് സദുദേശത്തോടെയാണെന്നും ജോസ് കെ. മാണി

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മന്ത്രി റോഷി അഗസ്റ്റിൻ്റെ നിലപാടിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ കല്ലുകടിയെന്ന വാർത്തയിൽ പ്രതികരിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തൻ്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ചർച്ചയായത് പാർട്ടി ചെയർമാൻ എന്ന നിലക്കാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. റോഷി അഗസ്റ്റിൻ പറഞ്ഞത് സദുദേശത്തോടെയാണ്. ചർച്ച ചെയ്യേണ്ടത് കേരളത്തിൻ്റെ വികസനത്തെക്കുറിച്ചാണ്. മറ്റ് കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോൺഗ്രസിൽ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകും, പക്ഷേ അത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും റോഷിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ജോസ് പറഞ്ഞു. റോഷി അഗസ്റ്റിൻ തൻ്റെ മൈക്ക് തട്ടിയെടുത്തിട്ടില്ല, തൻ്റെ ശരീര ഭാഷയിൽ അത് വ്യക്തമാണ്. താനും റോഷിയും തമ്മിൽ സഹോദരതുല്യ ബന്ധമാണുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാലായിൽ താൻ മത്സരിച്ചാൽ ജയിക്കുമോ എന്നത് ജനം തീരുമാനിക്കട്ടെയെന്നും ജോസ് കെ. മാണി പറഞ്ഞു.

SCROLL FOR NEXT